വൈപ്പിൻ: വൈപ്പിൻ-ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന റോ റോ ജങ്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം.പി. ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എം.പി മേയർക്കും ഡെപ്യൂട്ടി മേയർക്കും കത്ത് നൽകി. ആകെയുള്ള രണ്ട് സർവീസുകളിൽ ഒരെണ്ണം പലപ്പോഴും വൈകിട്ട് മൂന്നോടെയാണ് ആരംഭിക്കുന്നത്. രണ്ട് റോ റോ സർവീസുകളും രാവിലെ മുതൽ മുഴുവൻ സമയവും ലഭ്യമാക്കണം. നിലവിൽ ജങ്കാർ സർവീസ് നടത്തുന്നതിന് കരാർ ഏറ്റെടുത്തിരിക്കുന്നത് കെ.എസ്.ഐ.എൻ.സി.യാണ്. ജങ്കാർ ഓടിക്കാൻ യോഗ്യതയുള്ള ജീവനക്കാരെ ലഭിക്കുന്നില്ലെന്നതാണ് അവരുടെ വാദം. അവർക്ക് സർവീസ് കാര്യക്ഷമമായി നടത്തുവാൻ സാധിക്കുന്നില്ലെങ്കിൽ നിലവിലെ നിയമങ്ങൾ പാലിച്ച് ടെൻഡർ നടപടികൾ സ്വീകരിച്ച് സ്വകാര്യ വ്യക്തികൾക്കോ സംരംഭകർക്കോ നൽകി റോ റോ സർവീസ് കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.