കൂത്താട്ടുകുളം : പാലക്കുഴ സർവീസ് സഹകരണ ബാങ്ക് സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഒന്നാം വാർഷികം വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കി ആഘോഷിക്കും. 49 വർഷത്തെ യു.ഡി.എഫ് ഭരണത്തിനു ശേഷം കഴിഞ്ഞവർഷമാണ് സഹകരണ സംരക്ഷണ മുന്നണിയുടെ നേതൃത്വത്തിൽ ബാങ്ക് ഭരണസമിതി അധികാരത്തിൽ വന്നത്. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ബാങ്ക് ലാഭത്തിൽ എത്താതെ ഭരണസമിതി അംഗങ്ങൾ ഓണറേറിയം കൈപ്പറ്റേണ്ടതില്ലെന്ന് ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ ആ തുക പഞ്ചായത്തിലെ നിർദ്ധനരായ കാൻസർ, കിഡ്നി രോഗികൾക്ക് ചികിത്സാ ധനസഹായമായി നൽകുകയാണ്. കൂടാതെ ബാങ്ക് നിയമനങ്ങൾ സഹകരണ പരീക്ഷാ ബോർഡിന് ശുപാർശ ചെയ്തു. ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി സംവിധാനങ്ങളുമൊരുക്കി ബാങ്ക് ആധുനികവത്കരണത്തിന്റെ പാതയിലാണ്.
വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം 29ന് എൽദോ എബ്രാഹം എം.എൽ.എ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് എൻ.കെ. ജോസ് അദ്ധ്യക്ഷനാകും. ചികിത്സാ ധനസഹായ വിതരണം എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ് നിർവഹിക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അവാർഡ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ വിതരണം ചെയ്യും.