കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ ഉടൻ വിളിച്ചുവരുത്തി വിജിലൻസ് ചോദ്യം ചെയ്യും. പാലം നിർമ്മാണ സമയത്ത് വഴിവിട്ട നീക്കങ്ങൾക്ക് നിർദ്ദേശം നൽകിയ ചില ഫയലുകൾ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ചയുടനേയാവും ചോദ്യം ചെയ്യൽ.
കരാർ കമ്പനിക്ക് മുൻകൂറായി 8.25 കോടി നൽകാൻ ഇബ്രാഹിം കുഞ്ഞ് ഫയലിൽ കുറിപ്പെഴുതിയെന്ന പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുകയാണ് വിജിലൻസിന്റെ പ്രധാന ദൗത്യം. അതോടെ അറസ്‌റ്റിലേക്ക് നീങ്ങാനാകുമെന്ന് വിജിലൻസ് വ്യക്തമാക്കി. കരാർ കമ്പനിക്ക് മുൻകൂറായി ലഭിച്ച പണം എം.ഡിയുടെ കടം വീട്ടാൻ ഉപയോഗിച്ചെന്ന് വിജിലൻസ് കണ്ടെത്തി. ഇത് കോഴയായി കണക്കാക്കും. നേരത്തേ ഇബ്രാഹിം കുഞ്ഞ് നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്.
അതിനിടെ, വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ എറണാകുളത്തെ പൊതു പരിപാടിയിൽ നിന്ന് മുങ്ങിയ ഇബ്രാഹിം കുഞ്ഞ് ഇന്നലെ രാവിലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അന്വേഷണ സംഘം വിജിലൻസ് ആസ്ഥാനത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു മുങ്ങൽ.
മുൻകൂർ പണം നൽകാൻ
അധികാരം: ഇബ്രാഹിം കുഞ്ഞ്
കരാറുകാരന് മുൻകൂർ പണം നൽകിയത് മന്ത്രിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ്. നയപരമായ തീരുമാനമെടുക്കാൻ മന്ത്രിസഭയുടെ അനുമതി വേണ്ട. ഇക്കാര്യം ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. പാലാരിവട്ടം പാലം അഴിമതിയിൽ എന്റെ കൈകൾ ശുദ്ധമാണ്. ടി.ഒ. സൂരജിന്റെ വിലകുറഞ്ഞ ആരോപണത്തിന് മറുപടി അർഹിക്കുന്നില്ല. കരാറുകാരായ ആർ.ഡി.എസ് പ്രോജക്‌ടിന് പലിശയില്ലാതെ മുൻകൂർ പണം നൽകിയതിൽ ഒരു തെറ്റുമില്ല. ബഡ്‌ജറ്റിൽ ഇല്ലാത്ത എല്ലാ പ്രവൃത്തികൾക്കും മുൻകൂർ പണം നൽകാറുണ്ട്. സൂരജിനെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചതിൽ പ്രത്യേക താത്പര്യമില്ല. മന്ത്രിസഭയാണ് നിയമനം നടത്തിയത്.