mohanlal

കൊച്ചി: ആനക്കൊമ്പുകൾ അനധികൃതമായി കൈവശംവച്ച കേസിൽ നടൻ മോഹൻലാൽ ഉൾപ്പെടെ നാലുപേർക്കെതിരെ വനം വകുപ്പ് അധികൃതർ പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകി. മോഹൻലാലിനു പുറമേ തൃശൂർ ഒല്ലൂർ കുട്ടനെല്ലൂർ ഹൗസിംഗ് കോംപ്ളക്സ് ഹിൽ ഗാർഡനിൽ പി.എൻ. കൃഷ്‌ണകുമാർ, തൃപ്പൂണിത്തുറ നോർത്ത് എൻ.എസ് ഗേറ്റ് നയനത്തിൽ കെ. കൃഷ്‌ണകുമാർ, ചെന്നൈയിലെ പെനിൻസുല അപ്പാർട്ട്മെന്റിൽ നളിനി രാധാകൃഷ്‌ണൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം.

വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള രേഖകളില്ലാതെ മറ്റു പ്രതികൾ മോഹൻലാലിന് ആനക്കൊമ്പുകൾ കൈമാറിയെന്നും അനുമതിയില്ലാതെ അദ്ദേഹം ഇവ കൈവശം വച്ചെന്നുമാണ് കേസ്. പി. എൻ. കൃഷ്ണകുമാറും കെ. കൃഷ്‌ണകുമാറും ചേർന്നാണ് ആനക്കൊമ്പുകൾ മോഹൻലാലിന് കൈമാറിയത്. 2011 ൽ മോഹൻലാലിന്റെ വസതിയിൽ റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. വനംവകുപ്പിന് കേസ് കൈമാറി. സുഹൃത്തുക്കളായ രണ്ടു പേരുടെ ലൈസൻസിലാണ് മോഹൻലാൽ ആനക്കൊമ്പുകൾ സൂക്ഷിച്ചിരുന്നത്. പിന്നീട് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ മോഹൻലാലിന് അനുമതി നൽകിയതോടെ വനംവകുപ്പ് കേസിൽ കുറ്റപത്രം നൽകിയില്ല. എന്നാൽ അനുമതി നൽകിയതിനെതിരെ ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കവേ പെരുമ്പാവൂർ കോടതിയിൽ നിലവിലുള്ള കേസിൽ തീർപ്പുണ്ടാക്കാൻ ഉചിതമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജി. ധനിക് ലാൽ കുറ്റപത്രം നൽകിയത്.