പള്ളുരുത്തി: കുമ്പളങ്ങി-കെൽട്രോൺ ഫെറിചങ്ങാട സർവീസ് നടത്തുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷയൊരുക്കാതെ. രണ്ട് വള്ളത്തിന് മീതെ പലക കെട്ടിവെച്ചാണ് സർവീസ്.കനത്ത മഴയിൽ വാഹനങ്ങൾ കയറ്റുന്ന ഇരുമ്പ് ഷീറ്റ് തെന്നി പോയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷ കായലിൽ വീണത്. മഴ പെയ്യുമ്പോൾ യാത്രക്കാർക്ക് നിൽക്കാൻ യാതൊരു സംവിധാനവും ഇവിടെ ഇല്ല. പലരും മഴയത്ത് കുട ചൂടിയാണ് നിൽക്കുന്നത് .ഇത് ശക്തമായ കാറ്റിൽ അപകടം ക്ഷണിച്ചു വരുത്തുന്നു. മാസാമാസം ചാർജ് കൂട്ടാൻ ജീവനക്കാർ വ്യഗ്രത കാട്ടുന്ന തിടുക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ കാണിക്കാറില്ല. ഇരു ജില്ലകളെയും ബന്ധിപ്പിക്കുന്ന കടത്തിനെ ആയിരങ്ങളാണ് ആശ്രയിക്കുന്നത്.കടത്ത് ഇല്ലാതാകുന്നതോടെ യാത്രക്കാർ എഴുപുന്ന വഴിയോ പള്ളുരുത്തി ഇടക്കൊച്ചി വഴി അരൂർ ഭാഗത്തേക്ക് പോകേണ്ടി വരുന്നു.കഴിഞ്ഞ ദിവസം കായലിൽ വീണ ഓട്ടോ ജെ.സി.ബി ഉപയോഗിച്ചാണ് പൊക്കിയെടുത്തത്. ഡ്രൈവറെ നാട്ടുകാരും ജീവനക്കാരും കൂടി രക്ഷപ്പെടുത്തി.ചങ്ങാടത്തിന്റെ നാല് വശവും സുരക്ഷ ഒരുക്കാത്തതിനാൽ പലരും വെള്ളത്തിൽ പോകാൻ സാധ്യതയുണ്ട്. ചങ്ങാടത്തിൽ നിന്നും ചെറിയ ബോട്ടിലേക്ക് യാത്രക്കാർ കയറുമ്പോൾ പലകകൾ അകന്ന് നിൽക്കുന്നതിനാൽ കൊച്ചു കുട്ടികൾ വരെ ഇതിലൂടെ കായലിലേക്ക് വീഴുന്ന സ്ഥിതിയാണ്. രാവിലെ 6.30 മുതൽ രാത്രി 9 വരെ പതിനായിരങ്ങളുടെ ജീവനാണ് ഇവർ പന്ത് തട്ടുന്നത്. ഉടനടി പാലം പണി യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.ഇതിനായി രണ്ട് എം.എൽ.എമാർക്കും നിവേദനം നൽകുമെന്ന് യാത്രക്കാർ അറിയിച്ചു.

#നടപടിയെടുക്കാതെ അധികാരികൾ

കെൽട്രോൺ ഫെറി - കുമ്പളങ്ങി ഭാഗത്ത് പാലം പണിയാൻ അധികാരികൾ ജോലികൾ തുടങ്ങിവെച്ചെങ്കിലും ഇപ്പോഴും പണികൾ ഇഴയുകയാണ്. കുമ്പളങ്ങി, അരൂർ പഞ്ചായത്ത് അധികാരികൾ വർഷാവർഷം കരാർ പുതുക്കി പണം വാങ്ങുന്നതല്ലാതെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കത്ത സ്ഥിതിയാണ്.