കൊച്ചി: മലയാളം സംസാരിച്ചതിന് എൽ.പി. സ്‌കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച ഇംഗ്ലീഷ് അദ്ധ്യാപികയെ മാനേജ്മെന്റ് പുറത്താക്കിയെന്ന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികൾ അറിയിച്ചു. ഞാറയ്ക്കൽ അസീസി വിദ്യാനികേതൻ പബ്ളിക് സ്ക്കൂളിൽ ബുധനാഴ്ചയായിരുന്നു സംഭവം. അദ്ധ്യാപിക വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കി. സ്ക്കൂളിലെത്തിയ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡണ്ട് അഡ്വ. കെ.എസ്. അരുൺകുമാർ, സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ജയാ പരമേശ്വരൻ എന്നിവർ മർദ്ദനത്തിരയായ കുട്ടിയെ സന്ദർശിച്ചു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി സംസാരിച്ചു. അദ്ധ്യാപികയെ പുറത്താക്കിയെന്ന് സ്കൂൾ മാനേജരും പ്രിൻസിപ്പലും ശിശുക്ഷേമ സമതിയെ അറിയിച്ചെന്ന് അരുൺ കുമാർ പറഞ്ഞു.