കൊച്ചി : കേരള ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയായ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീമിനെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസായിരുന്ന ഹൃഷികേശ് റോയി സുപ്രീംകോടതി ജഡ്‌ജിയായ സാഹചര്യത്തിലാണിത്.
പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല പരേതനായ മുൻ ഡെപ്യൂട്ടി സെയിൽടാക്സ് കമ്മിഷണർ പി.കെ. ആലിപ്പിള്ളയുടെയും പരേതയായ കുഞ്ഞിബീപാത്തുവിന്റെയും മകനാണ്. വെങ്ങോല ശാലേം സ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കാലടി ശ്രീ ശങ്കരാ കോളേജ്, എറണാകുളം ഗവ. ലാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി 1983 ൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2009 ൽ ഹൈക്കോടതി ജഡ്ജിയായി.
പാതയോര പൊതുയോഗങ്ങളും പരിപാടികളും നിരോധിച്ചുകൊണ്ടുള്ള വിധി, ഒന്നര വയസുകാരിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാദ്ധ്യമാക്കിയ വിധി തുടങ്ങി നിരവധി ശ്രദ്ധേയമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.