ഇടപ്പള്ളി: മെട്രോ റെയിലിൽ തൈക്കൂടം ഭാഗത്തേക്ക് പോകുന്ന യാത്രക്കാരെ ആകെ കൺഫ്യൂഷനാക്കുകയാണ് സ്റ്റേഷനുകളിലെ അനൗൺസ്‌മെന്റും ചുവരുകളിൽ പതിപ്പിച്ച നോട്ടീസുകളും. മഹാരാജാസ് സ്റ്റേഷനപ്പുറം പോകേണ്ടവരാണ് ഇതുകാരണം കുടുങ്ങുന്നത്. ആലുവയിൽ നിന്ന് പുറപ്പെടുന്ന ഒന്നിടവിട്ട ട്രെയിനുകളാണ് തൈക്കൂടം വരെ പോകുന്നത്. മറ്റുള്ളവ മഹാരാജാസിൽ യാത്ര അവസാനിപ്പിക്കും. ഇവിടെ മുതൽ തൈക്കൂടം വേഗത കുറച്ചാണ് ട്രെയിൻ ഓടുന്നത്. ട്രാക്ക് ശരിയാകാനും വളവുകൾ കൂടുതലുള്ളതിനാലുമാണ് വേഗം കുറച്ച് സർവീസ് നടത്തുന്നത്. ഈ സമയം ക്രമപ്പെടുത്താനാണ് ഒന്നിടവിട്ടുള്ള ട്രെയിനുകൾ മഹാരാജാസിൽ സർവീസ് അവസാനിപ്പിക്കുന്നത്. റൂട്ട് ഓടിത്തെളിയുന്നതോടെ എല്ലാ ട്രെയിനുകളും തൈക്കൂടത്തേക്ക് നീട്ടുകയും ചെയ്യും.
മഹാരാജാസിൽ അവസാനിക്കുന്ന ട്രെയിനുകളിൽ കയറുന്നവരാണ് കുടുങ്ങുന്നത്.
# അമളിപറ്റി വലയുന്നത് യാത്രക്കാർ
മഹാരാജാസിന് അപ്പുറം പോകേണ്ടവർ വിവരം അറിയാതെ കിട്ടുന്ന മെട്രോയിൽ കയറും. അപ്പോഴേക്കും അനൗൺസ്മെന്റ് വരും. തൈക്കൂടത്തേക്കുള്ളവർ എം.ജി. റോഡ് സ്റ്റേഷനിലിറങ്ങി അടുത്ത മെട്രോ പിടിക്കണമെന്ന്. തൈക്കൂടത്തേക്കുള്ള ട്രെയിനിലുള്ളവരും മറ്റും ഇവിടെയിറങ്ങി സമയം കളയും.
തൈക്കൂടം ഭാഗത്തേയ്ക്ക് പോകേണ്ടവരിൽ ചിലർ മഹാരാജാസിലിറങ്ങും. ഇക്കൂട്ടരാണ് വലയുക. ആലുവയിൽ നിന്നുള്ള ട്രെയിനുകൾ പടിഞ്ഞാറേ പ്ളാറ്റ്ഫോമിലാണ് നിറുത്തുക. അവിടെ ഒരു നില താഴേയ്ക്കിറങ്ങി മേല്പാലത്തിലൂടെ മറുവശത്ത് നടന്നു ചെന്ന് വീണ്ടും ഒരു നില കൂടി മുകളിലേയ്ക്ക് കയറി പ്ളാറ്റ് ഫോമിലെത്തണം. മഹാരാജാസ് സ്റ്റേഷനിൽ ഇത്തരത്തിൽ നിരവധിപേർ ഇറങ്ങുന്നത് പതിവാണ്.
#ശ്രദ്ധിച്ചാൽ ആശയക്കുഴപ്പം ഒഴിവാകാം
യാത്രക്കാർ ശ്രദ്ധിച്ചാൽ ആശയക്കുഴപ്പം ഒഴിവാക്കാമെന്നാണ് മെട്രോ അധികൃതർ പറയുന്നത്. സ്റ്റേഷനുകളിലെ ബോർഡുകളിൽ എവിടെ വരയാണ് അടുത്ത ട്രെയിൻ പോകുന്നതെന്ന് കാണിക്കുന്നുണ്ട്. മഹാരാജാസ് എന്നും തൈക്കൂടം എന്നും വരുന്ന ട്രെയിനിനസരിച്ച് മാറ്റം വരുത്തുന്നുണ്ട്. ട്രെയിനുകളിലെ ബോർഡും ലക്ഷ്യസ്ഥാനം വച്ചാണ്. മഹാരാജാസ് വരെ പോകുന്ന ട്രെയിനുകളിൽ പാലാരിവട്ടത്ത് എത്തുമ്പോൾ അനൗൺസ്‌മെന്റ് ചെയ്യുന്നുണ്ട്. മഹാരാജാസിനപ്പുറം പോകേണ്ടവർ എം.ജി. റോഡ് സ്റ്റേഷനിലിറങ്ങി അടുത്തതിൽ യാത്ര തുടരാനാണ് നിർദ്ദേശം. ഇത് ശ്രദ്ധിച്ചാൽ ആശയക്കുഴപ്പം ഒഴിവാകുമെന്ന് അധികൃതർ പറഞ്ഞു.