പെരുമ്പാവൂർ: ശ്രീ നാരായണ ഗുരുദേവനെ ഹിന്ദു സന്യാസിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി മന്ത്രി പി.തിലോത്തമൻ പറഞ്ഞു. പാർലമെന്റിൽ ബഡ്ജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും ഗുരു സൂക്തങ്ങൾ ഉരുവിട്ടത് ഇതിന് ഉദാഹരണമാണെന്ന് മന്ത്രി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ സമാധി ദിനാചരണത്തിന്റെ ഭാഗമായി ഗുരുദേവ ദർശന പ്രബോധനം നടത്തുകയായിരുന്നു അദ്ദേഹം. മതപരമായ ഐക്യത്തിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നവർക്കു പോലും ഗുരു സൂക്തങ്ങൾ ഉരുവിടാതെ മുന്നോട്ടു പോകാനാകില്ല. ഗുരുദേവ ദർശനങ്ങളുടെ കരുത്താണ് മലയാളക്കരയിൽ മതേതരത്വത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും, ഐക്യം കെട്ടിപ്പടുക്കാൻ സഹായിക്കുന്നത്. ഗുരുദേവ ദർശനങ്ങളും ഗുരുവിന്റെ പ്രവർത്തന മണ്ഡലവും എതിർക്കുന്നവർക്കു പോലും സ്നേഹപൂർവ്വം ഉൾക്കൊള്ളാൻ കഴിയും. സർവ്വ മതങ്ങളുടെയും സാരാംശം ഒന്നാണെന്നുള്ള ലക്ഷ്യം മുന്നോട്ടു വയ്ക്കുന്നതാണ് ഗുരുദേവ ദർശനങ്ങളുടെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.
കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു തുടങ്ങിയവർ സംസാരിച്ചു.