കൊച്ചി : വടുതല ഡോൺബോസ്കോ സീനിയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സി.ഐ.എസ്.സി.ഇ നാഷണൽ ഫുട്ബാൾ ടൂർണ്ണമെന്റ് സെപ്തംബർ 25 മുതൽ 28 വരെ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കും. ബീഹർ, മദ്ധ്യപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി 11 സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം സെപ്തംബർ 25 ന് രാവിലെ ഒമ്പതിന് ഹൈബി ഇൗഡൻ എം.പി നിർവഹിക്കും. മുൻ ഇന്ത്യൻ ടീം ഗോൾ കീപ്പർ ഫിറോസ് ഷെരീഫ് പതാക ഉയർത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോൺ ബോസ്കോ സ്കൂളിലെ അറുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സ്പോർട്സ് മീറ്റ് ഡിസ്‌പ്ളേ ഉണ്ടായിരിക്കും. സെപ്തംബർ 28 ന് ഉച്ചക്ക് 12 ന് നടക്കുന്ന സമാപനച്ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ ജേതാക്കൾക്കുള്ള എവർ റോളിംഗ് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വടുതല ഡോൺബോസ്കോ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗ്ഗീസ് എടത്തിച്ചിറ, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ വിശാൽ വിൻസെന്റ്, നീനു സ്റ്റീഫൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.