കൊച്ചി: കേരളത്തിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്താൻ കിഫ്ബിയുടെ ധനസഹായത്തോടെ കെ.എസ്.ഇ.ബി നടപ്പാക്കുന്ന ട്രാൻസ്‌ഗ്രിഡ് പദ്ധതിയിൽ 1000 കോടിയിലേറെ രൂപയുടെ ക്രമക്കേടു നടന്നെന്ന് വി.ഡി. സതീശൻ എം.എൽ.എ ആരോപിച്ചു. 4572 കോടി രൂപ മുടക്കി വൈദ്യുതി ബോർഡ് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ നാലു തലത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി.ഡബ്ളിയു.ഡിയുടെ ഷെഡ്യൂൾ നിരക്കിനെ അടിസ്ഥാനമാക്കി നിരക്ക് നിശ്ചയിച്ച് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ അനുമതി വാങ്ങിയാണ് കെ.എസ്.ഇ.ബി ഇത്തരം പ്രവൃത്തികൾ നടത്താറുള്ളത്. ട്രാൻസ്‌ഗ്രിഡ് പദ്ധതിക്ക് ഇതിനെക്കാൾ 50 മുതൽ 80 ശതമാനം വരെ എസ്റ്റിമേറ്റ് തുക ഉയർത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും സതീശൻ പറഞ്ഞു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.
കിഫ്‌ബിയിൽ പദ്ധതി അവലോകനത്തിനായി അപ്രൈസൽ വിഭാഗം തലവനെ 2.80 ലക്ഷം രൂപ ശമ്പളത്തിൽ നിശ്ചയിച്ചിട്ടുള്ളപ്പോൾ എട്ടുകോടി രൂപ നൽകി ടെറാനസ് എന്ന സ്വകാര്യ
കമ്പനിയെ ഇതേ ചുമതല ഏല്പിച്ചതെന്തിനാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.
മറ്റ് 7 ആരോപണങ്ങൾ
1.കോട്ടയം, തൃശൂർ ജില്ലകളിലെ പദ്ധതിക്ക് നിലവിലെ നിരക്കനുസരിച്ച് 130 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കേണ്ടിയിരുന്നത്. ഇതു 61 ശതമാനം ഉയർത്തി 210 കോടി രൂപയാക്കി
2. എൽ ആൻഡ് ടി കമ്പനിക്ക് 339.5 കോടി രൂപയ്ക്ക് ടെൻഡർ നൽകിയതു വഴി 210 കോടി രൂപയുടെ നഷ്ടം ബോർഡിനുണ്ടായി
3. മലബാറിലെ മൂന്നു പദ്ധതികളിലും സമാന അഴിമതിയുണ്ട്. 240 കോടി രൂപയുടെ എസ്റ്റിമേറ്റ് ക്രമവിരുദ്ധമായി തയ്യാറാക്കി ടെൻഡർ തുക 54.81 ശതമാനം വർദ്ധിപ്പിച്ച് 374.42 കോടിയാക്കി സ്റ്റെർലൈറ്റ് പവർ ട്രാൻസ്‌മിഷൻ കമ്പനിക്ക് കരാർ നൽകി
4. എസ്റ്റിമേറ്റിന്റെ 10 ശതമാനത്തിലേറെ ടെൻഡർ തുക ഉയർന്നാൽ വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കി റീ ടെൻഡർ വിളിക്കണമെന്ന 2017 ലെ ധനകാര്യ വകുപ്പിന്റെ ഉത്തരവു കാറ്റിൽപ്പറത്തി
5 പ്രീ ക്വാളിഫിക്കേഷൻ വ്യവസ്ഥകളിൽ മാറ്റം വരുത്തി ടെൻഡറിലെ മത്സര സ്വഭാവം നഷ്ടമാക്കി
6. ചീഫ് എൻജിനിയറും ടെൻഡറിൽ പങ്കെടുത്ത കമ്പനികളും ഒരുമിച്ചിരുന്നാണ് ടെൻഡർ നടപടികൾ തീരുമാനിച്ചത്. വൻകിട കമ്പനികൾ ബോർഡിന്റെ ഒത്താശയോടെ ടെൻഡർ തുക 70 ശതമാനം വരെ ഉയർത്തി
7. ട്രാൻസ്മിഷൻ ഡയറക്ടർ വിരമിച്ചശേഷം കിഫ്ബിക്കു വേണ്ടി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ കൺസൾട്ടന്റായി ചുമതലയേറ്റതു ക്രമക്കേടുകൾ ശരിവയ്ക്കുന്നു