മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിൽ ഹൈടെക് സ്‌കൂൾ പദ്ധതിയുടെയും, ഹൈടെക് ലാബ് പദ്ധതികളുടെയും പ്രവർത്തനങ്ങൾക്ക് തുടക്കമി​ട്ടെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിൽ 53 സ്‌കൂളുകളിൽ ഹൈടെക് സ്‌കൂൾ പദ്ധതിയും, 60 സ്‌കൂളുകളിൽ ഹൈടെക് ലാബ് പദ്ധതിയും നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കൈറ്റ്, ഹൈടെക്‌സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികൾ പ്രകാരം ഒന്ന് മുതൽ ഏഴുവരെയുള്ള സ്‌കൂളുകളിൽ ലാബുകൾ സ്ഥാപിക്കുന്ന ഹൈടെക് ലാബ് പദ്ധതിയും, എട്ട് മുതൽ 12 വരെയുള്ള ക്ലാസ്സുകൾ ഹൈടെക്ക് ആക്കുന്ന ഹൈടെക് സ്‌കൂൾ പദ്ധതിയുമാണ് നടപ്പാക്കുന്നത്. കിഫ് ബി ധനസഹായത്തോടെയാണ് പദ്ധതി. നിയോജ മണ്ഡലത്തിലെ ഒന്ന് മുതൽ ഏഴ് വരെയുള്ള 60സ്‌കൂളുകളിലാണ് ഹൈടെക് ലാബ് പദ്ധതി. എട്ട് മുതൽ 12 വരെയുള്ള 53 സ്‌കൂളുകളിലാണ് ഹൈടെക് സ്‌കൂൾ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ സ്‌കൂളുകളിലും ആവശ്യമായ ലാപ്‌ടോപ്, പ്രോജക്ടർ, സ്പീക്കർ അടക്കമുള്ളവ സ്‌കൂളുകളിലേയ്ക്ക് വിതരണം ചെയ്യുന്നുണ്ട് . ഒക്ടോബർ മാസത്തോടെ ഒന്നാംഘട്ടം പൂർത്തിയാക്കും, ആദ്യം പഞ്ചായത്ത് തലത്തിലും, പിന്നീട് നിയോജക മണ്ഡലം അടിസ്ഥാനത്തിലും പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനങ്ങൾ നടക്കുമെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.