കൊച്ചി: ശ്രീനാരായണ ദർശനം ഇന്ത്യൻ ഭരണഘടന നിർമ്മാണത്തിന് മാർഗ ദർശകമായി തീർന്നുവെന്ന് ജസ്റ്റിസ് ജി. ശിവരാജൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 92ാമത് മഹാസമാധി ദിനാചരണ പരിപാടിയുടെ ഭാഗമായി ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപവാസയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവ ദർശനം ഡോ. അംബേദ്കറിൽ ചെലുത്തിയ സ്വാധീനമാണിതിന് കാരണം. ഭരണഘടനയുടെ ആമുഖത്തിലും മൗലികാവകാശങ്ങളിലും മാർഗനിർദ്ദേശ തത്വങ്ങളിലും ഗുരുദർശനങ്ങളുടെ മുദ്ര പതിഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് ജി. ശിവരാജൻ പറഞ്ഞു.
ശ്രീനാരായണ സേവാസംഘത്തിന്റെ ഗുരുപ്രസാദം പ്രതിമാസ ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫ. എം.കെ സാനു നിർവഹിച്ചു. സേവാസംഘം പ്രസിഡന്റ് അജ്വ. എൻ.ഡി പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി രാജൻ, സി.ജി രാജഗോപാൽ, അഡ്വ. എം.കെ ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഗുരുശക്തി സംഗീതസഭയുടെ കെ.എം ഉദയനും സംഘവും ഗുരുദേവ ഗീതകം അവതരിപ്പിച്ചു.