കൊച്ചി : ജാതീയമായ ഉച്ചനീചത്വങ്ങളോടും അനാചാരങ്ങളോടും കലഹിച്ച കേരളത്തിന്റെ നവോത്ഥാന നായകനും സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം നാടാകെ ആചരിച്ചു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ചിന്ത മാലോകർക്ക് പകർന്നു നൽകിയ ഗുരുദേവന്റെ 92ാം മഹാ സമാധി ദിനമായിരുന്നു ഇന്നലെ. ജില്ലയിലെ എസ്.എൻ.ഡി.പി ശാഖകളിലും ഗുരുദേവമന്ദിരങ്ങളിലും വിവിധ ശ്രീനാരായണ സംഘടനകളുടെ നേതൃത്വത്തിൽ പ്രാർത്ഥനകളും ഉപവാസയജ്ഞവും നടന്നു.
കണയന്നൂർ- ചോറ്റാനിക്കര എസ്.എൻ.ഡി.പി യോഗം ശാഖയിലെ ഉപവാസ പ്രാർത്ഥനയിൽ കേരളകൗമുദി അസിസ്റ്റന്റ് മാനേജർ പി.കെ മുരളീധരൻ, സുലേഖ എന്നിവർ പ്രഭാഷണം നടത്തി. തിരുവാങ്കുളം എസ്.എൻ.ഡി.പി യോഗം ശാഖയിൽ നന്ദകുമാർ, യോഗം മുൻഡയറക്ടർ പി.കെ മുരളീധരൻ എന്നിവർ പ്രഭാഷണം നടത്തി. തിരുവാങ്കുളം, കുരീക്കാട്, അമ്പാടിമല, കീച്ചേരി, കുലൈറ്റിക്കര, കാഞ്ഞിരമറ്റം, ആമ്പല്ലൂർ ശാഖകളിലും സമാധിദിനം ആചരിച്ചു. തെക്കൻ പറവൂർ ശാഖയിൽ ഉപവാസം ശാഖായോഗം പ്രസിഡന്റ് പി.വി സജീവ് ഉദ്ഘാടനം ചെയ്തു.