ആലുവ: പാലാരിവട്ടം പാലം അഴിമതികേസിൽ ആരോപണ വിധേയനായ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എയുടെ ആലുവയിലെ വസതിയിലേക്ക് ബി.ജെ.പി മാർച്ച് നടത്തി. ഇബ്രാഹിംകുഞ്ഞിനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും അറസ്റ്റ് ചെയ്യാത്തത് എൽ.ഡി. എഫ് ,യു.ഡി. എഫ് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി ആരോപിച്ചു.

തോട്ടക്കാട്ടുകര കവലയിൽ നിന്നും ആരംഭിച്ച മാർച്ച് എം.എൽ.എയുടെവസതിക്കു മുമ്പിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് ചാടിക്കടന്ന സനീഷ് കളപ്പുരക്കൽ, കെ. രജ്ഞിത്ത് കുമാർ, പി.എസ്. കൃഷ്ണദാസ്, പ്രീതാ രവീന്ദ്രൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

പ്രതിഷേധ സമ്മേളനം ജില്ലാ ഉപാദ്ധ്യക്ഷൻ എം.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി. ഹരിദാസ്, രൂപേഷ് പൊയ്യാട്ട്, എ. സെന്തിൽ കുമാർ, പ്രീതാ രവിന്ദ്രൻ, രമണൻ ചേലാക്കുന്ന്, സുമേഷ് ചെങ്ങമനാട്, അപ്പു മണ്ണാഞ്ചേരി, പ്രസന്നകുമാർ, ജോയ് വർഗീസ്, എ.എസ്. സലിമോൻ, ഗോപൻ ആലുവ എന്നിവർ സംസാരിച്ചു.