ഏറ്റവും തിരക്കേറിയ നിരത്തിൽ ഫ്ളൈ ഓവർ നിർമിക്കുക ചെറിയ കാര്യമല്ലായിരുന്നു. യു.ഡി.എഫ് സർക്കാരിന് ഈ തീരുമാനം വഴി കിട്ടിയ രാഷ്ട്രീയനേട്ടം വലുതായിരുന്നു. ദേശീയപാത അതോറിറ്റി നിർമ്മിച്ചാൽ ടോൾ ഈടാക്കും. ടോൾ ഒഴിവാക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ കേരള (ആർ.ബി.ഡി.സി.കെ.)യെ ഏല്പിക്കണമെന്ന് അന്നത്തെ മാനേജിംഗ് ഡയറക്ടർ എ.പി.എം മുഹമ്മദ് ഹനീഷിന്റെ ശുപാർശ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അംഗീകരിച്ചു. 2013 ഒക്ടോബറിൽ റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാനുൾപ്പെടെ സർക്കാർ 72.60 കോടി രൂപയുടെ ഭരണാനുമതി നൽകി.ഫ്ളൈ ഓവറിനു മാത്രം 52 കോടി രൂപയായിരുന്നു എസ്റ്രിമേറ്റ് തുക. കരാർ തുക 42 കോടിയും.
കേരള റോഡ് ഫണ്ട് ബോർഡിന് ഇന്ധന സെസായി ലഭിക്കുന്ന തുകയായിരുന്നു നിർമ്മാണത്തിന് ചെലവഴിക്കാൻ തീരുമാനിച്ചത്. ഏറ്റവും കുറഞ്ഞ തുകയായ 41. 28 കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ ആർ.ഡി.എസ് പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡിന് ടെൻഡർ നൽകി. കരാർ ഏറ്റെടുത്ത ആർ.ഡി.എസും ഫ്ളൈ ഓവർ രൂപകല്പന ചെയ്ത നാഗേഷ് കൺസൾട്ടൻസിയും തമ്മിലുള്ള കരാറുകളും കമ്പനിയുടെ പ്രവർത്തന പരിചയവുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കിയിരുന്നില്ല. എന്നിട്ടും ആർ.ഡി.എസിനു തന്നെ കരാർ കിട്ടിയെന്നത് സംശയാസ്പദമാണ്.
മേൽനോട്ടത്തിന് കിറ്റ്കോയെ നോഡൽ ഏജൻസിയായി നിയമിച്ചു. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് തറക്കല്ലിടൽ ചടങ്ങ് നടത്തി നിർമ്മാണം തുടങ്ങാനായിരുന്നു പദ്ധതി. മാർച്ചിൽ കല്ലിടൽ നടത്താൻ തീരുമാനിച്ചെങ്കിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ശിലാസ്ഥാപനം മാറ്റി.
2014 ൽ ജൂണിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർമ്മാണത്തിന് തറക്കല്ലിട്ടു. നിർമ്മാണം തുടങ്ങാൻ മൂന്ന് മാസം കൂടി വേണ്ടി വന്നു, സെപ്തംബറിൽ നിർമ്മാണം തുടങ്ങി. 42 കോടി മുടക്കിൽ രണ്ടുവർഷം കൊണ്ട് നിർമാണം, നാടിന്റെ തിലകക്കുറി എന്നൊക്കെ കൊട്ടിഘോഷിച്ചായിരുന്നു തറക്കല്ലിടൽ. 2015 ഡിസംബർ 30 ന് മുമ്പ് നിർമ്മാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. ഒരു വർഷം പിന്നിട്ടപ്പോഴും നിർമ്മാണം എങ്ങുമെത്തിയില്ല. പാലം പണി പൂർത്തീകരിക്കാൻ 2016 ഫെബ്രുവരി വരെ സമയം നീട്ടിക്കൊടുത്തു. യു.ഡി.എഫ് സർക്കാരിന്റെ കാലത്തുതന്നെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ലക്ഷ്യം. ഫെബ്രുവരിയിൽ നിർമ്മാണം ഏതാണ്ട് 75 ശതമാനമേ തീർന്നുള്ളു. രണ്ട് മാസം കൂടി നീട്ടി നൽകിയെങ്കിലും പൂർത്തിയായില്ല.
മേയിൽ സംസ്ഥാനത്ത് ഭരണമാറ്റമായി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി. ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായി. ഫ്ലൈഓവർ പൂർത്തിയാക്കാൻ സെപ്തംബർ വരെ സമയം നീട്ടിക്കൊടുത്തു.
2016 സെപ്തംബർ 29 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഫ്ളൈ ഓവർ ഒക്ടോബർ 12 ന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു. അപ്പോഴും നിർമ്മാണം 85 ശതമാനമേ പൂർത്തിയായുള്ളൂ. ഒരാഴ്ച കൊണ്ട് തിരക്കിട്ട പണികൾ. നിർമ്മാണം പൂർത്തീകരിച്ച് നിശ്ചയിച്ച സമയത്തു തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളൈ ഓവർനാടിനു സമർപ്പിച്ചു. നേട്ടത്തിന്റെ ക്രെഡിറ്റെടുക്കാൻ ഭരണാധികാരികൾ ശ്രമിച്ചപ്പോൾ 100 വർഷത്തെ ആയുസ് കിട്ടേണ്ട ഫ്ളൈ ഓവറിന്റെ ഗുണനിലവാരം ഉറപ്പായിരുന്നോയെന്ന് ശ്രദ്ധിക്കാതെ പോയി.
ഉദ്യോഗസ്ഥതലത്തിൽ വൻവീഴ്ച
നോഡൽ ഏജൻസിയായി നിയമിച്ച കിറ്റ്കോയുടെ ഉന്നത ഉദ്യോഗസ്ഥരോ നിർമ്മാണ ചുമതലയുള്ള ആർ.ബി.ഡി. സി.കെ അധികൃതരോ നിർമ്മാണത്തിന് കൃത്യമായ മേൽനോട്ടം വഹിച്ചില്ലെന്നാണ് വിവിധ ഏജൻസികളുടെ അന്വേഷണത്തിൽ വ്യക്തമായത്. രണ്ട് വർഷം നാനൂറോളം തൊഴിലാളികൾ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. രാത്രിയാണ് 122 ഗർഡറുകൾ സ്ഥാപിച്ചത്. 442 മീറ്ററായിരുന്നു ഫ്ളൈ ഓവറിന്റെ മാത്രം ആകെ നീളം. 35 മീറ്റർ നീളമുള്ള രണ്ടും 22 മീറ്റർ നീളമുള്ള 17ഉം സ്പാനുകളാണ് ഉപയോഗിച്ചത്.
വൈദ്യുത പോസ്റ്റുകളും വൈദ്യുത ടെലിഫോൺ കേബിളുകളും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും സ്ഥാപിക്കാൻ 50 ലക്ഷത്തോളം രൂപ പൊതുമരാമത്ത് വകുപ്പ് വിനിയോഗിച്ചു. സ്പാനുകൾക്കിടയിൽ എക്സ്പാൻഷൻ ജോയിന്റുകൾക്കു പകരം ഡെക്ക് കണ്ടിന്യൂവിറ്റി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചതാണ് വിനയായതെന്നാണ് കണ്ടെത്തൽ. പുതിയ രീതിയിലുള്ള ഈ നിർമ്മാണം കൃത്യമായ പഠനമോ മുൻപരിചയമോ ഇല്ലാതെയാണ് പ്രയോഗിച്ചത്.
കരാറിലെ ക്രമക്കേട്
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിന്റെ അംഗീകാരമില്ലാതെയാണ് ഫ്ളൈ ഓവർ നിർമ്മാണത്തിന് ടെൻഡർ നൽകിയതെന്നാണ് വിവരം. ആർ.ഡി.എസ് കമ്പനിയുമായി കരാർ ഒപ്പിട്ടതും ഡയറക്ടർ ബോർഡിന്റെ അംഗീകാരമില്ലാതെയാണ്. നിർമ്മാണ പ്രവൃത്തികൾ തുടങ്ങും മുമ്പ് മൊബലൈസേഷൻ അഡ്വാൻസ് എന്ന പേരിൽ കമ്പനിക്ക് 8.25 കോടി രൂപ നൽകി. ടെൻഡറിൽ 41.27 കോടി രൂപയിലൂടെ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയായിരുന്നു ആർ.ഡി.എസ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്. 2014 മാർച്ച് നാലിനു കമ്പനിക്ക് ടെൻഡർ അനുവദിച്ചതും കരാർ ഒപ്പിട്ടതും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഡയറക്ടർ ബോർഡിന്റെ നടപടികൾ പൂർത്തിയാക്കാതെയാണ്. മാനേജിംഗ് ഡയറക്ടറായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷാണ് കരാർ നൽകിയത്. മൂന്നു മാസങ്ങൾക്ക് ശേഷം ജൂൺ 10ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം മാനേജിംഗ് ഡയറക്ടറുടെ നടപടി അംഗീകരിക്കുകയായിരുന്നു.
22/3/58 എന്ന നമ്പരിൽ പ്രത്യേക പ്രമേയമായാണ് ഡയറക്ടർ ബോർഡ് യോഗത്തിൽ ഇക്കാര്യം അവതരിപ്പിച്ചത്. യോഗത്തിന്റെ മിനിറ്റ്സിൽ ഇത് രേഖപ്പെടുത്തിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചെയർമാനായിരുന്ന ഡയറക്ടർ ബോർഡ് പ്രമേയം അംഗീകരിച്ചു. നേരത്തെ അനുമതി നൽകിയതിലൂടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ഫ്ളൈ ഓവർ കരാറിനെക്കുറിച്ച് വകുപ്പ് സെക്രട്ടറി ഉൾപ്പെടെ നടത്തേണ്ടിയിരുന്ന ചർച്ച ഒഴിവായി. ഇതിനുശേഷമാണ് മുൻകൂർ തുക നൽകിയത്. 2014 ജൂലായ് 15 നാണ് കമ്പനിയുമായി കരാറുണ്ടാക്കിയത്. 2014 ഡിസംബർ 16നു ചേർന്ന ഡയറക്ടർ ബോർഡും ഇത് അംഗീകരിച്ചു. ഡിസംബർ 16 ലെ മിനിറ്റ്സിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
നാഗേഷ് കൺസൾട്ടൻസി
ബംഗളൂരുവിലെ എൻജിനിയറിംഗ് കൺസൾട്ടൻസി സ്ഥാപനമായ നാഗേഷ് കൺസൾട്ടൻസിയാണ് ഫ്ളൈ ഓവർ രൂപകല്പന ചെയ്തത്. പാലങ്ങൾ, ഫ്ളൈ ഓവറുകൾ, അപ്പാർട്ട്മെന്റുകൾ, കെട്ടിടങ്ങൾ, ഓഫീസ് സമുച്ചയങ്ങൾ, ഹോട്ടൽ കെട്ടിടങ്ങൾ തുടങ്ങിയവ കമ്പനി രൂപകല്പന ചെയ്തിട്ടുണ്ട്.
കാനഡയിലെ ഹാലിഫാക്സിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഒഫ് നോവ സ്കോട്ടിയയിൽ സ്ട്രക്ചറൽ എൻജിനിയറിംഗിൽ ബിരുദാനന്തരബിരുദം നേടിയ സോമദേവ് നാഗേഷിന്റെ ഉടമസ്ഥതയിലാണ് നാഗേഷ് കൺസൾട്ടൻസി ആരംഭിക്കുന്നത്. ഫ്ളൈ ഓവറിന്റെ രൂപകല്പനയുടെ ശാസ്ത്രീയത സംബന്ധിച്ചും അംഗീകാരം നൽകിയ കിറ്റ്കോ അധികൃതരെ സംബന്ധിച്ചും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്.
ആർ.ഡി.എസ് പ്രൊജക്ട്സ്
രാജ്യത്തെ മുൻനിര ബിൽഡർമാരിലൊളായ എം.എൽ ഗോയൽ 1992 ൽ ഡൽഹി ആസ്ഥാനമായി സ്ഥാപിച്ചതാണ് ആർ.ഡി.എസ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്. 1990 മുതൽ കേരളത്തിലെ നിർമ്മാണരംഗത്ത് എം.എൽ ഗോയലിന്റെ സാന്നിദ്ധ്യമുണ്ട്. നഗരസഭകൾ, സംസ്ഥാന സർക്കാരുകൾ, സർക്കാർ ഏജൻസികൾ തുടങ്ങിയവയുടെ പ്രവൃത്തികൾ ആർ.ഡി.എസ് പ്രോജക്ട്സ് ഏറ്റെടുത്തിട്ടുണ്ട്. വ്യാവസായിക കെട്ടിടങ്ങൾ, റോഡുകൾ, ഹൈവേകൾ, ഡാമുകൾ, ഹൗസിംഗ് കോംപ്ളക്സുകൾ തുടങ്ങിവയ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഫ്ളൈ ഓവർ നിർമ്മാണത്തിൽ പരിചയ സമ്പത്ത് കമ്പനിക്കില്ല. കേസിൽ അറസ്റ്റിലായ ജയിലിൽ കഴിയുന്ന സുമിത് ഗോയലാണ് ആർ.ഡി.എസിന്റെ എം.ഡി.
നാളെ : അപകടത്തിലാക്കിയ പിഴവുകൾ