#അപകടം അശാസ്ത്രീയമായ ഗതാഗത പരിഷ്ക്കാരം മൂലം
തൃക്കാക്കര: സീപോർട്ട്-എയർപോർട്ട് റോഡിൽ കുരുതിക്കളങ്ങൾ തീർത്ത് തലങ്ങും വിലങ്ങും ടാങ്കർ ലോറികളുടെ തേരോട്ടം.അശാസ്ത്രീയമായ ഗതാഗത പരിഷ്ക്കാരം മൂലം സീപോർട്ട്-എയർപോർട്ട് റോഡിൽ അപകടങ്ങൾ പെരുകയാണ്. ചിറ്റേത്തു കരയിലെ പ്രത്യേക സാമ്പത്തികമേഖല മുതൽ കളമശേരി വരെ ഒട്ടേറെ ഇരുചക്രവാഹനങ്ങളാണ് നിത്യവും അപകടങ്ങളിൽ പെടുന്നത്. കാക്കനാട് ചിൽഡ്രൻസ് ഹോം മുതൽ ഓലിമുകൾ ജുമാ മസ്ജിദ് വരെയുള്ള അശാസ്ത്രിയ ട്രാഫിക് പരിഷ്ക്കാരം വാഹനയാത്രക്കാരേയും, കാൽനടയാത്രക്കാരേയും ഒരു പോലെ ദുരിതത്തിലാക്കുന്നു. ബ്ലോക്കിൽപ്പെടുന്ന വലിയ വാഹനങ്ങൾ നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാൻ അമിത വേഗത്തിൽ വാഹനമോടിക്കുന്നതാണ് അപകടം പെരുകാനും ഇടയാവുന്നത്. കളക്ട്രേറ്റ് സിഗ്നൽ ജംഗ്ഷൻ മുതൽ പൂജാരി വളവ് വരെ സ്ഥാപിച്ച അശാസ്ത്രീയ ട്രാഫിക് ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.ചിൽഡ്രൻസ് ഹോമിന് സമീപമുണ്ടായ ബുള്ളറ്റ് ടാങ്കർ ലോറി അപകടത്തിൽ ഒരാൾ മരണപ്പെട്ടത്താണ് ഏറ്റവും ഒടുവിലായി നടന്ന വാഹനാപകടം.
#ടാങ്കറുകളുടെ മരണപാച്ചിൽ
തിരക്കേറിയ സമയങ്ങളിൽ പോലും യാതൊരു നിയന്ത്രണവുമില്ലാതെ ടാങ്കറുകൾ നിരത്തുകൾ കൈയ്യടക്കിയിട്ടും അധികൃതരുടേത് അനങ്ങാപ്പാറ നയം തന്നെ. വലിയ ഭാരവാഹനങ്ങൾ പലതും അമിത വേഗത്തിലാണ് ഇത് വഴി കുതിക്കുന്നത്.
#ഗതാഗതം നിയന്ത്രിക്കുന്നത് ഹോം ഗാർഡുകൾ
ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കപ്പെട്ടവരിൽ നല്ലൊരു ശതമാനം പേർക്കും വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ല. ഹോം ഗാർഡുകളാണ് തിരക്കേറിയ ട്രാഫിക് സിഗ്നലുകളിൽ പോലും ഗതാഗതം നിയന്ത്രിക്കുന്നത്. പരിശീലനക്കുറവ് മൂലം വലിയ ഗതാഗതക്കുരുക്കാണ് പലപ്പോഴും ഉണ്ടാവുന്നത്.
# ആറ് മാസങ്ങളിൽ 4 മരണങ്ങൾ
#12 പേർക്ക് പരിക്ക്