ആലുവ: കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി പെരിയാറിൽ ചാടി ആത്മഹത്യ ചെയ്തു. ആലുവ എടയപ്പുറം നേച്ചർ കവലക്ക് സമീപം ചക്കാലയ്ക്കൽ വീട്ടിൽ പുഷ്പാകരൻ (54) ആണ് ജീവനൊടുക്കിയത്.
ഇന്നലെ വൈകിട്ട് പെരിയാറിൽ മണപ്പുറം കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് വർഷത്തിലേറെയായി വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പതിന് പരോളിൽ ഇറങ്ങിയ പുഷ്പാകരന്റെ പരോൾ കാലാവധി ഇന്നവസാനിക്കും. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ കേസിൽ അപ്പീൽ നൽകുന്നതിനായി അഭിഭാഷകനെ കാണാനുണ്ടെന്ന് പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയത്. രാത്രി മടങ്ങിയെത്താത്തതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ ബന്ധുക്കൾ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകിട്ട് പെരിയാറിൽ ഇയാശുടെ മൃതദേഹം കണ്ടെത്തിയത്.
ആറ് വർഷം മുമ്പാണ് കേസിനാധാരമായ കൊലപാതകം നടന്നത്. ഭൂമി സംബന്ധമായ തർക്കത്തെ തുടർന്ന് പിതൃസഹോദരന്റെ മകൻ ജയചന്ദ്രനെയാണ് ഇയാൾ വെട്ടികൊലപ്പെടുത്തിയത്.
മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: രജനി. മകൾ: റിതു.