kannaki
കണ്ണകി വേഷത്തിൽ ആതിര സജീവ്

കൊച്ചി: തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ വീരനായിക കണ്ണകിയുടെ കഥ നൃത്തശില്പമായൊരുക്കി വേദിയിലെത്താൻ ഒരുങ്ങുകയാണ് ഐ.ടി ഉദ്യോഗസ്ഥയായ ആതിര സജീവ്. നീണ്ട ഒരുവർഷത്തെ തയ്യാറെടുപ്പിനൊടുവിൽ 26ന് വൈകിട്ട് 6.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആതിരയുടെ കണ്ണകി നൃത്തശില്പം കാണികൾക്ക് മുന്നിലെത്തും.

കുവൈറ്റിൽ ജോലി ചെയ്യുന്ന സജീവ് സുകുമാരൻ നായരുടെയും ഇന്ദുവിന്റെയും ഏകമകളായ ആതിര നാലാം വയസ്സിൽ നൃത്താഭ്യാസം ആരംഭിച്ചതാണ്. സൗമ്യ സതീഷിന്റെ കീഴിൽ ഭരതനാട്യം പഠിച്ചായിരുന്നു തുടക്കം. പിന്നീട് കുച്ചിപ്പുടി,​ മോഹിനിയാട്ടം,​ കേരളനടനം,​ ഓട്ടൻതുള്ളൽ,​ കഥകളി,​ കൂടിയാട്ടം എന്നിങ്ങനെ പല ഗുരുക്കന്മാരുടെ കീഴിൽ നൃത്തം അഭ്യസിച്ചു. വിദ്യാഭ്യാസത്തിലും വിട്ടുവീഴ്ച ചെയ്യാതെ എൻജിനീയറിംഗ് പഠന ശേഷം കാക്കനാട്ടെ ഐ.ടി കമ്പനിയിൽ പ്രൊഡക്ട് അനലിസ്റ്റായി ജോലി നേടി.

ആതിരയുടെ അമ്മ ഇന്ദുവും നർത്തകിയായിരുന്നു. അവരുടെ ആഗ്രഹമായിരുന്നു കണ്ണകിയുടെ കഥയെ ആസ്പദമാക്കി നൃത്തശില്പമായി ഒരുക്കുകയെന്നത്. അതേക്കുറിച്ച് കേട്ടുവളർന്ന് ആതിരയുടെ ഉള്ളിലും "കണ്ണകി" സ്വപ്നമായി. കണ്ണകിയുടെ വിവാഹവും ഭർത്താവ് കോവിലന്റെ മരണവും പ്രതികാരവും അടങ്ങിയ കഥ നൃത്തരൂപത്തിൽ അരങ്ങിലെത്താൻ പോവുകയാണ്. ഇവരുടെ ആവശ്യപ്രകാരം മധു പേരൊഴി രചിച്ച ഗാനത്തിന് കണ്ണൻ.ജി.നാഥ് സംഗീതവും രംഗഭാഷയും ഒരുക്കി. അദ്ദേഹത്തിന്റെ പത്നി അമൃതവാണി സീമ കണ്ണൻ നൃത്തസംവിധാനവും ചെയ്യാമെന്നേറ്റതോടെ ആതിരയുടെയും അമ്മയുടെയും ആഗ്രഹം പൂവണിയാൻ തുടങ്ങി. പിന്നീട് നീണ്ട പരിശീലനമായിരുന്നു. ഓഫീസ് കഴിഞ്ഞെത്തിയാൽ നാല് മണിക്കൂറോളം നീളുന്ന പരിശീലനമാണ് .

പ്രധാനമായും കുച്ചിപ്പുടിയും ഒപ്പം മറ്റുനൃത്തരൂപങ്ങളും കൂടിച്ചേർന്ന നാടകരൂപത്തിലാണ് നൃത്തശില്പം അരങ്ങിലെത്തുക. കുച്ചിപ്പുടി നർത്തകി അനുപമ മോഹൻ നൃത്തശില്പത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കലാമണ്ഡലം പ്രഭാകരൻ, സൗമ്യ സതീഷ്, ശ്യാമള ബി. നായർ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.