2017 ജൂലായിൽ ഫ്ളൈ ഓവറിന്റെ ഉപരിതലത്തിൽ ഇരുപതിലധികം കുഴികൾ രൂപപ്പെട്ടു. കനത്ത മഴയിൽ കുഴികളിൽ വെള്ളം നിറഞ്ഞു. വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ബന്ധപ്പെട്ടവർ ഗൗനിച്ചതേയില്ല. വീണ്ടും ടാറിംഗ് നടത്തി തലയൂരാനാണ് ആർ.ബി.ഡി.സി.കെ. ശ്രമിച്ചത്.
പാലാരിവട്ടം സ്വദേശി കെ.വി. ഗിരിജൻ മന്ത്രി ജി. സുധാകരന് പരാതി നൽകി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി കേരളാ റോഡ്‍സ് ആൻഡ് ബ്രിഡ്‍ജസ് കോർപ്പറേഷന് നിർദ്ദേശം നൽകി. സ്‌പാനിന് അടിയിലെ ബെയറിംഗിനുണ്ടായ തകരാർ നിമിത്തം താത്‌കാലിക താങ്ങ് നൽകി, മറ്റു പ്രശ്‌നങ്ങളില്ലെന്നായിരുന്നു റിപ്പോർട്ട്. 2017 നവംബർ 21 ന് ചീഫ് ടെക്‌നിക്കൽ എൻജിനീയർ പാലം പരിശോധിച്ചു. ടാറിംഗിലും ഡെക്ക് കണ്ടിന്യുവിറ്റിയിലും പ്രശ്‌നങ്ങൾ കണ്ടെത്തി.
2018 മാർച്ചിൽ ദേശീയപാത അതോറിറ്റിക്കു വേണ്ടി സ്വകാര്യ ഏജൻസി പഠനം നടത്തി. നിർമ്മാണ വൈകല്യങ്ങളും വിള്ളലുകളും അവർ കണ്ടെത്തി. സെപ്‌തംബറിൽ സ്വകാര്യ ഏജൻസി നടത്തിയ രണ്ടാമത്തെ പഠനത്തിൽ 1, 2, 3, 7,10,12 പിയർ ക്യാപ്പുകളിൽ വിള്ളൽ കണ്ടെത്തി. വിള്ളലുകളിൽ ചിലത് വലുതാകുന്നതും കണ്ടെത്തി. പാലത്തിൽ ഭാരവാഹനങ്ങൾ നിരോധിക്കണമെന്നും ഗതാഗതം നിറുത്തി അറ്റകുറ്റപ്പണി നടത്തണമെന്നും അവർ നിർദ്ദേശിച്ചു. ശുപാർശയുടെ അടിസ്ഥാനത്തിൽ സെപ്തംബർ 24 നും ഒക്ടോബർ നാലിനും കേരളകൗമുദി പാലത്തിന്റെ ബലക്ഷയം റിപ്പോർട്ട് ചെയ്തു.
മദ്രാസ് ഐ.ഐ.ടി കണ്ടെത്തലുകളും ശുപാർശകളും
ഗർഡറുകളിലും തൂണുകളിലും 0.2 മുതൽ 0.4 മില്ലീമീറ്റർ വീതിയിൽ വിള്ളലുകൾ.
കോൺക്രീറ്റ് മിശ്രിതത്തിന്റെ നിലവാരമില്ലായ്‌മ പാലത്തിന്റെ ഗർഡറുകളിലും തൂണുകളിലും പൊട്ടലുണ്ടാക്കി.
പിയർ ക്യാപ്പിൽ നിന്ന് ഗർഡർ ഇളകി മാറിയത് ബലക്ഷയമുണ്ടാക്കി.
കേടായ ബെയറിംഗുകൾ മാറ്റി പുതിയത് സ്ഥാപിക്കണം.
ടാറിംഗ് പുതുക്കണം.
ഗർഡറുകൾ പുതിയ സംവിധാനത്തിൽ യഥാസ്ഥാനത്ത് സ്ഥാപിക്കുക.
ടാറിംഗ് ഇളകിപ്പോകാനും തൂണുകളിൽ വിള്ളലുകൾ ഉണ്ടാക്കാനും വഴിവച്ചത് സാങ്കേതികപ്പിഴവിലുണ്ടായ ഗുരുതര പിഴവ്.
രണ്ടുഘട്ടങ്ങളായി പാലം നവീകരിച്ചാൽ മതിയാകും. 10 കോടി രൂപ ചെലവാകും.
2019 മേയ് ഒന്നിന് ഫ്ളൈ ഓവർ അറ്റകുറ്റപ്പണിക്ക് അടച്ചു. അപാകതകൾ കരാറുകാരന്റെ ചെലവിൽ തീർക്കണമെന്ന വ്യവസ്ഥ പ്രകാരം ആർ.ഡി.എസ് പ്രോജക്ട്സ് തന്നെ പുനരുദ്ധാരണം തുടങ്ങി.
മന്ത്രി ജി.സുധാകരൻ പാലം സന്ദർശിച്ചു. മേയ് മൂന്നിന് വിജിലൻസ് അന്വേഷണത്തിന് മന്ത്രി ശുപാർശ ചെയ്‌തു. 2019 മേയ് ഏഴിന് വിജിലൻസ് അന്വേഷണം തുടങ്ങുന്നു.
പൊതുമരാമത്ത് വകുപ്പ് ബ്രിഡ്‌ജസ് വിഭാഗത്തിലെ എൻജിനീയർമാരും തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ പ്രൊഫസർമാരും വിജിലൻസ് എൻജിനീയറും അടങ്ങുന്ന സംഘം പരിശോധിച്ചു. ദേശീയപാത വിഭാഗം എൻജിനീയർമാരുടെ ഉന്നതാധികാര സമിതിയായ ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ സഹായവും വിജിലൻസ് തേടി. ഇന്ത്യൻ റോഡ്സ് കോൺഗ്രസ് അംഗമായ പ്രൊഫ. ഭൂപീന്ദർ സിംഗ് ഫ്ളൈ ഓവർ പരിശോധിക്കാനെത്തി.
നവീകരണമല്ല, ഫ്ളൈ ഓവറിന്റെ പുനർനിർമ്മാണമാണ് വേണ്ടതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ ഇതിനിടെ നിർദ്ദേശിച്ചു. ഇതിനെ സർക്കാർ ആദ്യം വിമർശിച്ചെങ്കിലും ശ്രീധരനെ മുഖ്യമന്ത്രി നേരിട്ട് തിരുവനന്തപുരത്തിന് വിളിപ്പിച്ചു. ഫ്ളെെ ഓവറിന്റെ ബലക്ഷയം പഠിച്ച് റിപ്പോർട്ട് നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ശ്രീധരൻ അംഗീകരിച്ചു.
കാൺപൂർ എെ.എെ.ടിയിലെ കോൺക്രീറ്റ് വിദഗ്ദ്ധൻ പ്രൊഫ. മഹേഷ് ടണ്ടനെ പരിശോധന സംഘത്തിൽ ഉൾപ്പെടുത്തി. 2019 ജൂൺ 17 ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പ്രൊഫ. മഹേഷ് ടണ്ടൻ, ഐ.ഐ.ടിയിലെ പ്രൊഫ. അളഗസുന്ദരമൂർത്തി എന്നിവരടങ്ങിയ സംഘം പരിശോധിച്ചു. ജൂലായ് നാലിന് ശ്രീധരൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഇ. ശ്രീധരന്റെ കണ്ടെത്തലുകളും
നിർദ്ദേശങ്ങളും
ഫ്ളെെ ഓവറിന്റെ ആയുസ് 20 വർഷം മാത്രം.
അസ്തിവാരത്തിനും തൂണുകൾക്കും ബലക്ഷയമില്ല.
രൂപകല്‌പനയിൽ ഗുരുതര പിഴവ്.
102 ആർ.സി.സി ഗർഡറുകളിൽ 97 ലും വിള്ളൽ. ഗർഡറുകൾ സ്ഥാപിച്ചതു ശരിയായ രീതിയിലല്ല. അനുവദനീയമായതിലും കൂടുതൽ ഡിഫ്ളക്ഷൻ. (ഭാരം കയറുമ്പോൾ ഗർഡറുകളിലുണ്ടാകുന്ന വളവ് ) രൂപകല്പന അനുസരിച്ചു അനുവദനീയമായ ഡിഫ്ളക്ഷൻ 25 മില്ലിമീറ്റർ. പാലാരിവട്ടത്ത് 40 മില്ലിമീറ്റർ. പലയിടത്തും ഉയര വ്യത്യാസം. ചില സ്ഥലങ്ങളിൽ പാലം ഇരുന്നുപോയ നിലയിൽ.
19 സ്പാനുകളിൽ പതിനേഴും മാറ്റണം.
18 പിയർ ക്യാപ്പിൽ 16 ഉം മാറ്റണം. 3 എണ്ണം അങ്ങേയറ്റം മോശം.
സ്പാനിനും തൂണിനുമിടയിൽ ഉപയോഗിച്ച ലോഹ ബെയറിംഗുകൾ മേന്മയില്ലാത്തത്.
തൂണുകൾക്ക് മുകളിലെ പിയറിനും ക്യാപ്പിനും ബലക്ഷയം.
കോൺക്രീറ്റ് ഗുണനിലവാരമില്ലാത്തത്. എം 35 ഗ്രേഡിലുള്ള കോൺക്രീറ്റിനു പകരം ഉപയോഗിച്ചത് വീടുകളും ചെറിയ കടമുറികളും നിർമ്മിക്കുന്ന എം 22 ഗ്രേഡിലുള്ള കോൺക്രീറ്റ് മിക്‌സിംഗ്.
ഫ്ളൈ ഓവർ പൂർണമായി പൊളിക്കേണ്ട. ഗർഡറുകൾ മാറ്റി സ്ഥാപിച്ച് അറ്റകുറ്രപ്പണി നടത്തണം. ചെലവ് 18.71 കോടി രൂപ.
നാളെ : പോംവഴികൾ തേടി സർക്കാർ