കാലടി: മലയാറ്റൂർ - കാലടി റോഡിന്റെ പുനരുദ്ധാരണ നിർമ്മാണ ജോലികൾ ഉടനെ ആരംഭിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കത്തതിൽ മലയാറ്റൂർ റോഡ് വികസനസമിതി ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു. കഴിഞ്ഞ ഏപ്രിൽ 2 ന് ഹൈക്കോടതി റോഡിന്റെ വീതി കൂട്ടൽ നടപടി ഉടനെ ആരംഭിക്കണമെന്ന് ബന്ധപ്പെട്ട കേസിൽ വിധി പ്രഖ്യാപിച്ചിരുന്നു. വിധിയുടെ പകർപ്പ് പൊതുമരാമത്ത് വകുപ്പ്, ബി.എസ്.എൻ.എൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്കും നൽകി. ഇക്കാര്യത്തിൽ കാലതാമസം വന്നതിനെ തുടർന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ കളക്ടറെ കണ്ട് പരാതി നൽകി. കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രണ്ട് മാസത്തിനകം നടപടി തുടങ്ങാമെന്ന് എ ഡി എം അടക്കം ഉറപ്പ് നൽകിയെങ്കിലും പിന്നീടൊന്നും ഉണ്ടായില്ലെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ടി.ഡി സ്റ്റീഫൻ പറഞ്ഞു.
കാലടി മുതൽ മലയാറ്റൂർ വരെയുള്ള ദൂരം റോഡിന്റെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി കൈയേറ്റങ്ങൾ ഒഴിവാക്കി കാനകൾ നിർമ്മിച്ച് ബിഎം ബിസി നിലവാരത്തിൽ റോഡിന്റെ നിർമ്മാണം പൂർത്തികരിക്കണമെന്നാണ് കോടതി നിർദ്ദേശം. ഉദ്യോഗസ്ഥർ കോടതിവിധി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധ സമരവുമായി രംഗത്ത് വരുമെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കരിം മീരാൻ, രാധാകൃഷ്ണൻ ചെങ്ങാട്ട്, നെൽസൺ മാടവന, പി.വി. രജീഷ്, ടി.എസ്.രാധാകൃഷ്ണൻ, രാജൻ പുറവനത്ത് എന്നിവർ പങ്കെടുത്തു.