കൊച്ചി: പി.ജെ. ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ സംഘടപ്പിക്കുന്ന തെരുവ് അവതരണങ്ങളുടെ അഞ്ചാം പതിപ്പായ തെരുവരങ്ങ് എറണാകുളം പബ്ലിക് ലൈബ്രറി അങ്കണം, ഫോർട്ടുകൊച്ചി പള്ളത്തുരാമൻ ഗ്രൗണ്ട്, പൂത്തോട്ട പുതിയ ബസ്‌സ്റ്റാൻഡ് ആമചാടി തേവൻ നഗർ, പെരുമ്പാവൂർ വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിലായി 26 മുതൽ 29 വരെ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്ത് നാടകസംഘങ്ങളും ഒരു തെരുവുപാട്ടു സംഘവും ഒരു തെരുവ് മാജിക് സംഘവും നാലിടങ്ങളിലും നടത്തുന്ന 48 അവതരണങ്ങളോടെ അതീവ വിപുലമായാണ് ഇത്തവണത്തെ തെരുവരങ്ങ് സംഘടിപ്പിക്കുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ എ. ചന്ദ്രദാസനും പി.ജെ. ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിഡന്റ് പൂയപ്പിള്ളി തങ്കപ്പനും സെക്രട്ടറി സി.ബി. വേണുഗോപാലും അറിയിച്ചു. ദിവസവും വൈകിട്ട് ആറിനാണ് പരിപാടി. എറണാകുളം പബ്ലിക് ലൈബ്രറി, ഫോർട്ടുകൊച്ചിയിലെ ലോകനാടക ദിനാഘോഷ സമിതി, വളയൻചിറങ്ങര വി.എൻ കേശവപിള്ള സ്മാരക ഗ്രന്ഥശാല, പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് അതാതിടങ്ങളിലെ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.