തൃക്കാക്കര : മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ എറണാകുളം നിയമസഭ നിയോജകമണ്ഡലംഉപതിരഞ്ഞെടുപ്പിനുള്ളനടപടികൾ തുടങ്ങി.
ഇന്നുമുതൽ നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു തുടങ്ങും. രാവിലെ 11 മുതൽ വൈകീട്ട് മൂന്നു മണി വരെ റിട്ടേണിംഗ് ഓഫീസർ മുമ്പാകെയോ അസി.റിട്ടേണിംഗ് ഓഫീസറായ എറണാകുളം സിറ്റി റേഷനിംഗ് ഓഫീസർ മുമ്പാകെയോ പത്രിക സമർപ്പിക്കാം.അവസാന തീയതി സെപ്തംബർ 30.
ഒക്ടോബർ ഒന്നിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. പത്രിക പിൻവലിക്കാവുന്ന അവസാന തീയതി ഒക്ടോബർ മൂന്ന്.വോട്ടെടുപ്പ് ഒക്ടോബർ 21ന്. നഗരപ്രദേശത്ത് 114ഗ്രാമപ്രദേശത്ത് 21പോളിംഗ് സ്റ്റേഷനുകളുണ്ട്.
എറണാകുളം നിയമസഭ നിയോജക മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം 1,53,837 . ഇവരിൽ 78,302 സ്ത്രീകളും 75,533 പുരുഷന്മാരും രണ്ട് ഭിന്ന ലിംഗക്കാരുമാണുള്ളത്. 2019 ജനുവരി ഒന്നിന് 18 വയസ്സു തികഞ്ഞവരുൾപ്പെടെ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് സെപ്തംബർ 20 വരെ സ്വീകരിച്ച അപേക്ഷ പ്രകാരമാണ് പട്ടിക തയ്യാറാക്കിയത്. ഇതു പ്രകാരം 18നും 19 നുമിടയിൽ പ്രായമുള്ള 2,936 വോട്ടർമാരുണ്ട്.
ഭിന്നശേഷി വിഭാഗത്തിൽ പെട്ട 320 വോട്ടർമാരുണ്ട്.
യന്ത്രങ്ങൾ മധുരയിൽ നിന്ന്
ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങൾ മധുരയിൽ നിന്നാണ് ജില്ലയിലെത്തിച്ചത്. ബെൽകമ്പനിയുടെ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
270 വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങളാണ് എറണാകുളത്ത് അനുവദിച്ചിട്ടുള്ളത്. അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഇവ കളക്ടറേറ്റിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി.
റിട്ടേണിംഗ് ഓഫീസർ തലത്തിലും താലൂക്ക് തലത്തിലും ആൻറി ഡീഫേസ്മെന്റ് സ്ക്വാഡ് ഉടൻ രൂപീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കുന്നതിനുള്ള സി- വിജിൽ, പ്രചാരണാനുമതി സംബന്ധിച്ചുള്ള സുവിധ, സ്ഥാനാർത്ഥികളുടെ പ്രചരണ പരസ്യങ്ങൾക്ക് അനുമതി നൽകുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള മീഡിയ സർട്ടിഫിക്കേഷൻ,മോണിറ്ററിംഗ് കമ്മറ്റി തുടങ്ങിയ സെല്ലുകളുടെ പ്രവർത്തനം ഇന്ന് കളക്ടറേറ്റിൽ ആരംഭിക്കും.
# പൊതുമരാമത്ത് ജോലികൾ തടസ്സപ്പെടില്ല
പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുമ്പ് അനുമതി ലഭ്യമായ പൊതുമരാമത്ത് ജോലികൾ നടത്താവുന്നതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികളൊന്നും തടസ്സപ്പെടില്ല. കളക്ടറേറ്റ് വളപ്പിലും പരിസരത്തുമുള്ള ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ കളക്ടർ നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് നടപടികളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്.സുഹാസ് കളക്ടറേറ്റിൽ വിളിച്ചു ചേർത്തു. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ എസ്.ഷാജഹാനാണ് എറണാകുളം മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫിസർ. സിറ്റി റേഷനിംഗ് ഓഫീസർ കെ.പി.അശോകനാണ് അസി.റിട്ടേണിംഗ് ഓഫീസർ. കണയന്നൂർ തഹസിൽദാർ ബീന പി.ആനന്ദ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും ഡെപ്യൂട്ടി തഹസിൽദാർ ഇ.പി.സുരേഷ് അസി.ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമാണ്.
പോളിംഗ് സ്റ്റേഷനുകൾ
135
വോട്ടർമാർ 1,53,837
നൂറിനു മുകളിൽ പ്രായമുള്ള 5വോട്ടർമാർ