kummanam-rajshekharan-
kummanam rajshekharan

കൊച്ചി: കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ് എന്നിവരെ ഉൾപ്പെടുത്തി നിയസഭാ ഉപതിരഞ്ഞെടുപ്പുകൾക്കുള്ള പ്രാഥമിക സ്ഥാനാർത്ഥി പട്ടിക ബി.ജെ.പി കോർ കമ്മിറ്റി തയ്യാറാക്കി. മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ച കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം കേന്ദ്ര നേതൃത്വം തീരുമാനിക്കും. അരൂർ സീറ്റിൽ ബി.ഡി.ജെ.എസ് ആയിരിക്കും മത്സരിക്കുക.

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി ലിസ്റ്റിലാണ് കുമ്മനത്തെ ഉൾപ്പെടുത്തിയതെങ്കിലും താത്പര്യമില്ലെന്ന് കുമ്മനം യോഗത്തിൽ അറിയിക്കുകയായിരുന്നു. വിജയസാദ്ധ്യത വിലയിരുത്തുമ്പോൾ കുമ്മനം തന്നെയാണ് മികച്ച സ്ഥാനാർത്ഥിയെന്ന് യോഗം അഭിപ്രായപ്പെട്ടതോടെ തീരുമാനം കേന്ദ്ര നേതൃത്വത്തിനു വിട്ടു.

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, കെ. ശ്രീകാന്ത്, എന്നിവർ പട്ടികയിലുണ്ട്. കോന്നിയിൽ കെ. സുരേന്ദ്രൻ, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ എന്നിവരെ പരിഗണിക്കുമ്പോൾ എറണാകുളത്ത് പാർട്ടി വക്താവ് ബി. ഗോപാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ എന്നിവരാണ് പട്ടികയിൽ.

നാലു മണ്ഡലങ്ങളിലും ജനകീയരായ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് യോഗത്തിനു ശേഷം ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. പ്രാഥമികപട്ടിക സംസ്ഥാന സമിതിയും എൻ.ഡി.എ സംസ്ഥാന സമിതിയും അംഗീകരിച്ചശേഷം ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്ക് കൈമാറും. മൂന്നു ദിവസത്തിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.