residence
ചെറായിബീച്ചിൽ നിർമ്മിച്ച ഫുൽ നിവാസ് കൽവിളക്കിൽ തിരി തെളിയിച്ച് നാടിന് സമർപ്പിക്കുന്നു

വൈപ്പിൻ: മൺമറഞ്ഞ പഞ്ചാബി ദമ്പതികളുടെ സ്മരണക്കായി പ്രവാസിയായ മകനും മരുമകളും ചെറായി ബീച്ചിൽ നിർമിച്ച സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു. പഞ്ചാബിലെ ഇന്ത്യ പാക്കിസ്ഥാൻ അതിർത്തി പ്രദേശത്തെ ദേസ്വാ സ്വദേശിയായ രജീന്ദ്രനാഥ് ഫുൽ, ഭാര്യ കൈലാഷ് വതി ഫുൽ എന്നിവർക്ക് കേരളത്തിലെ ഏന്തെങ്കിലും ഒരു കടൽതീരത്ത് വാർദ്ധക്യകാലം ചെലവിട്ട് സാമൂഹ്യ സേവനം നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അത് സഫലമാകാതെ പോയി.

44 വർഷത്തെ അമേരിക്കൻ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയ മകൻ അരുൺഫുലും അരുണിന്റെ ഭാര്യ ഷേർളിയും മാതാ-പിതാക്കളുടെ ആഗ്രഹം സഫലമാക്കാൻ ചെറായി ബീച്ചിൽ ഫുൽ നിവാസ് എന്ന് പേരിട്ട സ്മാരകം മന്ദിരം പണിതു. മാതാപിതാക്കളുടെ അഭിലാഷം പോലെ ഇരുവരും ഇവിടെ താമസിക്കും. സാമൂഹ്യസേവനങ്ങളിൽ അവരുടെ പങ്കാളിത്തം ഉണ്ടാകും. സമർപ്പണ ചടങ്ങിൽ മകൻ അരുൺ ഫുൽ , മരുമകൾ ടാനിയ ഫുൽ, ബന്ധുക്കളായ നവനീത് ചന്ദ , കവിത ചന്ദ എന്നിവരും സംബന്ധിച്ചു.