കൊച്ചി : എറണാകുളം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിക്കാൻ മൂന്നു മുന്നണികളിലും ചർച്ചകൾ മുറുകി. . താഴേത്തട്ടിൽ മുതൽ ആരംഭിക്കേണ്ട പ്രാഥമിക നടപടികൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.

സി.പി.എം സെക്രട്ടേറിയറ്റ് യോഗം ചേരുന്ന 24 ന് സ്ഥാനാർത്ഥിയെ നിർണയിക്കുമെന്നാണ് സൂചനകൾ. പാർട്ടിയുമായി ബന്ധമുള്ള പൊതുസ്വീകാര്യനായ ലത്തീൻ സമുദായാംഗം മത്സരിക്കാനാണ് സാദ്ധ്യത കൂടുതൽ. . ജില്ലയിൽ മുഖ്യമന്ത്രി പങ്കെടുത്ത വിവിധ പരിപാടികൾ മൂലം ഇന്നലെ കൂടുതൽ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

നാളെ ചേരുന്ന ഡി.സി.സി യോഗം സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ചകൾ നടത്തും.കെ.പി.സി.സിയും ചർച്ച ചെയ്തശേഷം കേന്ദ്ര ഹൈക്കമാൻഡ് അന്തിമതീരുമാനമെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

സ്ഥാനാർത്ഥി നിർണയത്തിൽ ബി.ജെ.പി ഒരു ചുവട് മുന്നിലാണ്. പാർട്ടി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ, എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു എന്നിവരെ ഇന്നലെ കൊച്ചിയിൽ ചേർന്ന സംസ്ഥാന കോർ കമ്മിറ്റി യോഗം നിർദ്ദേശിച്ചു. ബി. ഗോപാലകൃഷ്ണനാണ് കൂടുതൽ സാദ്ധ്യതയെന്നാണ് സൂചനകൾ. കൂടുതൽ ശ്രദ്ധ ലഭിക്കുന്ന മണ്ഡലമെന്ന നിലയിൽ എറണാകുളത്ത് മികച്ച സ്ഥാനാർത്ഥി വേണമെന്ന അഭിപ്രായമാണ് യോഗത്തിലുയർന്നത്.

സി.പി.ഐ പ്രവർത്തനം തുടങ്ങി.

ഉപതിരഞ്ഞെടുപ്പിന് സി.പി.ഐ ഘടകങ്ങൾ പ്രവർത്തനം തുടങ്ങി. തരഞ്ഞെടുപ്പ് ചുമതലക്കാരുടെയും മണ്ഡലം കമ്മിറ്റിയുടേയും സംയുക്ത യോഗം 24 ന് ഉച്ചയ്ക്ക് 2 ന് ചടയംമുറി സ്മാരകത്തിൽ ചേരും. ജില്ലാ എക്‌സിക്യൂട്ടീവ് യോഗം മേഖലാ കമ്മിറ്റികളുടെ ചുമതലക്കാരെ നിശ്ചയിച്ചു. എളമക്കര സൗത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ, ചേരാനെല്ലൂരിൽ എം.ടി. നിക്‌സൻ, പച്ചാളത്ത് ബാബു പോൾ, കലൂർ സൗത്തിൽ എസ്. ശ്രീകുമാരി, കുന്നുംപുറത്ത് കെ.കെ. അഷറഫ്, ഗാന്ധിനഗറിൽ കമല സദാനന്ദൻ, കലൂർ നോർത്തിൽ കെ.എൻ. ഗോപി, വടുതലയിൽ എം.പി. രാധാകൃഷ്ണൻ, ഐലൻഡിൽ എൽദോ എബ്രഹാം എം.എൽ.എ., ചിറ്റൂരിൽ കെ.ബി. അറുമുഖൻ, നോർത്തിൽ സി.വി. ശശി, എളമക്കര നോർത്തിൽ കെ.കെ. സുബ്രഹ്മണ്യൻ, സെൻട്രൽ നോർത്തിൽ പി. നവകുമാരൻ, സെൻട്രൽ സൗത്തിൽ എൻ. അരുൺ, സൗത്തിൽ കെ.എം. ദിനകരൻ എന്നിവർക്കാണ് ചുമതല. യോഗത്തിൽ സംസ്ഥാന എക്‌സികൂട്ടീവ് അംഗം എ.കെ. ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി. രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ, ബാബു പോൾ, എം.ടി. നിക്‌സൻ, ടി.സി. സൻജിത്ത് എന്നിവർ സംസാരിച്ചു.

പരിഗണനയിൽ ഇവർ

എൽ.ഡി.എഫ്

ഡോ. സെബാസ്റ്റ്യൻ പോളിന്റെ മകൻ റോൺ ബാസ്റ്റിൻ, കെ.എം. റോയിയുടെ മകൻ മനു റോയി, ലാറ്റിൻ അസോസിയേഷൻ വക്താവ് ഷാജി ജോർജ്

യു.ഡി.എഫ്

മുൻകേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസ്, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് ലാലി വിൻസെന്റ്, മുൻമേയർ ടോണി ചമ്മിണി

എൻ.ഡി.എ

ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ, എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു