പറവൂർ : ഗോതുരുത്ത് വള്ളംകളിയിൽ എ ഗ്രേഡിൽ തുരുത്തിപ്പുറവും ബി ഗ്രേഡിൽ ഗോതുരുത്ത് പുത്തൻവള്ളവും വിജയിച്ചു. ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ ഗോതുരുത്തുപുത്രനെയാണ് രാജു പാറയ്ക്കൽ ക്യാപ്ടനായ തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ തുരുത്തിപ്പുറം പരാജയപ്പെടുത്തിയത്. ഗോതുരുത്ത് താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗണിന്റെ ചെറിയപണ്ഡിതനെയാണ് രാജൻ പടന്നയിൽ ക്യാപ്ടനായ ഗോതുരുത്ത് ബോട്ട് ക്ലബ് ഗോതുരുത്ത് പുത്തൻവള്ളം പരാജയപ്പെടുത്തിയത്. ഇരുട്ടുകുത്തി വിഭാഗത്തിലെ പതിനഞ്ച് വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. മദ്ധ്യമേഖല ബോട്ട് റെയ്സ് ക്ലബ് വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ ഗോതുരുത്ത് ദി സ്പോർട്ട്സ് ആൻഡ് ആർട്ട്സ് ക്ലബാണ് വള്ളംകളി സംഘടിപ്പിച്ചത്. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എസ്. ശർമ എം.എൽ.എ മുഖ്യാതിഥിയായി.
വടക്കേക്കര എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ബി. രാജീവ് പതാക ഉയർത്തി. മാൽഷർ ഫോർ അസോസിയേറ്റ്‌ഡ് ഡയറക്ടർ ബോർഡ് അംഗം മാർട്ടിന്‍ ഡാനിയേൽ തുഴ കൈമാറി. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ഫാ. തോമസ് കോളരിക്കൽ, വി.വി. ഹരിദാസ്, എ.എസ്. രഞ്ജിത്ത്, കെ. ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. ജേതാക്കൾക്ക് വടക്കേക്കര സബ് ഇൻസ്പെക്ടർ ടി.വി. ഷിബു സമ്മാനങ്ങൾ വിതരണം ചെയ്തു.