srireshmi

കൊച്ചി: ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് മുന്നിൽ നിറചിരിയുമായി തന്റെ സൈക്കിളിൽ ഓടിയെത്തുന്ന പെൺകുട്ടിയെ കൊച്ചി നഗരവാസികൾക്ക് പരിചിതമായിട്ട് ആഴ്ച രണ്ടായി. പക്ഷേ, അവളുടെ ചിരിക്ക് പിന്നിൽ വിധിയെ സധൈര്യം നേരിട്ട ഊർജ്ജമുണ്ട്. ശ്രീ രശ്മിയെന്ന കായംകുളംകാരി പഠനത്തിനിടയ്ക്ക് തന്റെ കുടുംബത്തെ സംരക്ഷിക്കാനും പഠനചെലവിനുമായി കണ്ടെത്തിയ മാർഗമാണ് ഓൺലൈൻ ഫുഡ് ഡെലിവറി.

ആറു മാസം മുമ്പ് ശ്രീ രശ്മി കൊച്ചിയിലെത്തുമ്പോൾ ഏക ലക്ഷ്യം പഠനം മാത്രമായിരുന്നു. പക്ഷേ, കൈയിൽ പൈസയില്ലെന്നത് രശ്മിയെ തളർത്തി. ഫോർട്ടുകൊച്ചിയിലെ ഹോംസ്‌റ്റേയിലും നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലും ജോലിക്ക് കയറി. എന്നാൽ, കിട്ടിയ തുച്ഛമായ തുക വീട്ടുച്ചെലവിനു പോലും തികഞ്ഞിരുന്നില്ല. ഒപ്പം മഹാരാജാസ് കോളേജിൽ പഠനത്തിന് ചേർന്നതോടെ സമയക്രമമില്ലാത്ത ജോലി കണ്ടെത്തുന്നതും വെല്ലുവിളിയായി. അങ്ങനെ, ക്ലാസിലുണ്ടായിരുന്ന സുഹൃത്തുക്കളുടെ സഹായത്തോടെ ഡെലിവറി ഗേളായി മാറി. പക്ഷെ, സ്വന്തമായൊരു വാഹനമില്ലാത്തത് അപ്പോഴും തളർത്തി. അതിനും സുഹൃത്തുക്കളിലൊരാൾ വഴി കണ്ടെത്തി. സഹപാഠി ഒ.എൽ.എക്‌സ് വഴി സൈക്കിൾ വാങ്ങി നൽകി.

വീണു കിട്ടുന്ന ഓരോ നിമിഷവും സുഹൃത്തുകൾ ഉല്ലാസത്തിനായി മാറ്റി വയ്ക്കുമ്പോൾ ഒരു രൂപയെങ്കിലും നേടാനുള്ള ഓട്ടത്തിലാണ് രശ്മി. ക്ലാസിലെ ഇടവേളകളിലും അദ്ധ്യാപകരില്ലാത്ത പിരീഡുകളിലും ഭക്ഷണ വിതരണത്തിനിറങ്ങും. ഒരു ദിവസം ആറ് ഓർഡർ വരെ എടുക്കുന്നുണ്ട്. ഒരാഴ്ച 2,500 രൂപാവരെ ഇപ്പോൾ ലഭിക്കുന്നുണ്ട്. കൂടുതൽ വരുമാനം ലഭിച്ചാൽ മാത്രമേ കിടക്കാനൊരിടം കണ്ടെത്താൻ രശ്മിയ്ക്ക് കഴിയൂ.

പ്ലസ് ടുവിന് 75 ശതമാനം മാർക്ക് വാങ്ങി തുടർപഠനത്തിന് കാത്തിരിക്കുമ്പോഴാണ് അമ്മ അപകടത്തിൽപ്പെട്ടത്. ഇതോടെ വികലാംഗരായ അമ്മയുടെയും ചേച്ചിയുടെയും സംരക്ഷണം പൂർണമായി ശ്രീരശ്മിയുടെ ചുമതലയായി. അമ്മയുടെ ചികിത്സയും ചേച്ചിയുടെ പഠനവും രശ്മിക്ക് കൂട്ടിയാൽ കൂടുന്നതിന് അപ്പുറമായിരുന്നു. പിന്നീട് കാറ്ററിംഗ് യൂണിറ്റുകളിൽ ജോലിക്ക് പോയി. പക്ഷേ, നാട്ടുകാരുടെ കുത്തുവാക്കുകളെ തുടർന്ന് അത് ഉപേക്ഷിച്ചു. പിന്നീടാണ് കൊച്ചിയിലേക്കെത്തുന്നത്.

നാലു മാസം മുമ്പാണ് മഹാരാജാസ് കോളേജിൽ ഒന്നാം വർഷ ഫിലോസഫി ബിരുദത്തിന് ശ്രീരശ്മി ചേരുന്നത്. ഹോസ്റ്റലിൽ പ്രവേശനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, സ്വദേശം എറണാകുളം ജില്ലയ്ക്കടുത്തായതിനാൽ ആ വഴിയടഞ്ഞു. ഇതോടെ ശ്രീരശ്മിയുടെ താമസവും സുഹൃത്തുക്കൾ ഏറ്റെടുത്തു. ഒരു സുഹൃത്തിന്റെ വീട്ടിൽ ഒരാഴ്ച എന്ന ക്രമത്തിലായി പിന്നീടുള്ള താമസം. ''ഇപ്പോഴും സുഹൃത്തിന്റെ വീട്ടിലാണ് താമസം. എത്രനാൾ ഇങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയില്ല''- തിങ്ങി വന്ന വിതുമ്പൽ അടക്കാൻ ശ്രമിച്ച് ശ്രീരശ്മി പറഞ്ഞു. സിവിൽ സർവീസ് തന്റെ സ്വപ്‌നമാണെന്ന് പറയുന്ന രശ്മിക്ക് ഓരോ വിഷയത്തിലും കൃത്യമായ നിലപാടുകളുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം തീർത്ത് സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹമാണ് ഈ പെൺകുട്ടിയുടെ പോരാട്ടത്തിന് ഊർജമാകുന്നത്.