പാലാരിവട്ടം പഞ്ചവടിപ്പാലം അവസാനഭാഗം
ചെന്നൈ ഐ.ഐ.ടി നിർദ്ദേശിച്ചതു പ്രകാരം പാലാരിവട്ടം ഫ്ളൈഓവറിൽ നവീകരണം നടത്തണോ പൊളിച്ചുപണിയണോ എന്ന സംശയമായിരുന്നു സർക്കാരിനെ ഒടുവിൽ അലട്ടിയത്. ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയാണ് സർക്കാർ പൊളിച്ചു പണിയുകയെന്ന തീരുമാനത്തിലെത്തിയത്. ഒരു വർഷം നീളും പൊളിച്ചുപണി പൂർത്തിയാക്കാൻ.
ഫ്ളൈഓവറിന്റെ തൂണുകൾക്ക് കുഴപ്പമില്ലെന്നാണ് കണ്ടെത്തൽ. ഗർഡറുകൾക്കും കൂട്ടിച്ചേർക്കലുകൾക്കുമാണ് തകരാർ. ഗർഡറുകൾ മുതൽ പൊളിച്ചുനീക്കി പണിയുകയാണ് ലക്ഷ്യം. അതിന് സാങ്കേതിക മികവും പരിചയസമ്പത്തുമുള്ള കമ്പനിയെ നിർമ്മാണം ഏല്പിക്കും. മൊത്തത്തിലുള്ള മേൽനോട്ടവും ചുമതലയും ഇ. ശ്രീധരൻ വഹിക്കും.
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ നിരത്തിലെ ഫ്ളൈഓവർ പൊളിച്ചുനീക്കി പുതിക്കിപ്പണിയുക വലിയ വെല്ലുവിളിയാണെങ്കിലും പാമ്പൻ പാലവും കൊങ്കൺ റെയിൽവേയും നിർമ്മിച്ച മെട്രോമാനിലാണ് സർക്കാരിന്റെ വിശ്വാസം.
വിയോജിപ്പും ശക്തം
ഫ്ളൈഓവർ പൊളിച്ചുപണിയുന്നതിൽ ശക്തമായ വിയോജിപ്പ് പുറത്തുവന്നിട്ടുണ്ട്. സ്ട്രക്ചറർ എൻജിനിയർമാരുടെ സംഘടനയും റോഡ്, പാലം, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാതാക്കളുടെ സംഘടനയായ ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയും പൊളിക്കലിനെ പൂർണമായി അനുകൂലിക്കുന്നില്ല.
ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ പാലിച്ച് ചെന്നൈ ഐ.ഐ.ടി നിർദ്ദേശിച്ച നവീകരണ പ്രവൃത്തികൾ നടത്തണമെന്ന് ഇരു സംഘടനകളും പറയുന്നു. തുടർന്ന് റോഡ് കോൺഗ്രസിന്റെ ചട്ടങ്ങൾ പാലിച്ച് ലോഡ് ടെസ്റ്റ് നടത്തണം. നിശ്ചിതഭാരം നിശ്ചിത സ്ഥലത്ത് വച്ച് ബലം പരിശോധിക്കുന്നതാണ് ലോഡ് ടെസ്റ്റ്. ഇതിലും ബലക്ഷയം കണ്ടെത്തിയാൽ മാത്രമേ പൊളിച്ചുപണിയാവൂ എന്നാണ് സംഘടനകൾ വയ്ക്കുന്ന നിർദ്ദേശം. സംസ്ഥാന സർക്കാരിന് ചെലവ് വരുത്താതെ തങ്ങളുടെ ചെലവിൽ ലോഡ് ടെസ്റ്റ് നടത്താമെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ വാഗ്ദാനം നൽകിയിട്ടുണ്ട്.
വിജിലൻസ് അന്വേഷണം
നിർണായകമായി
ഫ്ളൈഓവർ വിവാദത്തിന് രാഷ്ട്രീയമാനം നൽകിയത് വിജിലൻസ് അന്വേഷണം നടത്തിയതോടെയാണ്. 2019 മേയ് 29 നാണ് ഫ്ളെെ ഓവർ നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന പ്രാഥമിക റിപ്പോർട്ട് വിജിലൻസ് നൽകിയത്. 2019 ജൂൺ 4 ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. 17 പേർക്കെതിരെ അന്വേഷണം നടത്തണമെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. പാലം നിർമ്മിച്ച ആർ.ഡി.എസ് പ്രോജക്ട്സിന്റെ എം.ഡി. സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കാൻ ശുപാർശ. ആർ.ബി.ഡി.സി.കെ മുൻ എം.ഡി. എ.പി.എം മുഹമ്മദ് ഹനീഷ്, കിറ്റ്കോ മുൻ എം.ഡി സിറിയക് ഡേവിസ്, നാഗേഷ് കൺസൾട്ടൻസിയിലെ സീനിയർ കൺസൾട്ടന്റ് മഞ്ജുനാഥ്, കിറ്റ്കോ ജനറൽ മാനേജർമാരായ ജി. പ്രമോദ്, ബെന്നി പോൾ, സീനിയർ കൺസൾട്ടന്റുമാരായ ഭാമ, ഷാലിമാർ, ആർ.ബി.ഡി.സി.കെ മുൻ അഡിഷണൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, മാനേജർ പി.എം. യൂസഫ്, കിറ്റ്കോ സീനിയർ കൺസൾട്ടന്റ് സന്തോഷ്, പ്രോജക്ട് എൻജിനിയർമാരായ സാൻജോ കെ. ജോസ്, ജിജേഷ്, ആർ.ബി.ഡി.സി.കെ മുൻ മാനേജർ പി.എസ്. മുഹമ്മദ് നൗഫൽ, ശരത് എസ് കുമാർ ആർ.ഡി.എസ് അഡിഷണൽ ജനറൽ മാനേജർ ജയ് പോൾ, സൈറ്റ് മാനേജർ ജോൺ എന്നിവരായിരുന്നു പ്രതി സ്ഥാനത്ത്.
2019 ജൂൺ 14 ന് ആർ.ഡി.എസിന്റെ കൊച്ചി ഓഫീസിലും എം.ഡി. സുമിത് ഗോയലിന്റെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്. കരാറുമായി ബന്ധപ്പെട്ട നാല്പതോളം രേഖകൾ വിജിലൻസ് പിടിച്ചെടുത്തു.
ആഗസ്റ്റ് 29 ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 30 ന് സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഫ്ളൈഓവർ നിർമ്മിച്ച ആർ.ഡി.എസ് പ്രോജക്ട്സിന്റെ എം.ഡി. സുമിത് ഗോയൽ, കിറ്റ്കോയുടെ മുൻ എം.ഡി. ബെന്നി പോൾ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരും അറസ്റ്റിലായി.
അറസ്റ്റിലായ ടി.ഒ സൂരജ് ഉൾപ്പെടെ നാല് പ്രതികളെ സെപ്തംബർ രണ്ടിന് വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. പിന്നീട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എല്ലാവരും മൂവാറ്റുപുഴ സബ് ജയിലിൽ.
സൂരജിന്റെ മൊഴി
ഇബ്രാഹിംകുഞ്ഞിനെതിരെ
സൂരജിന്റെ മൊഴിയും കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയും മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനു വിനയായി. ക്രമക്കേടിൽ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് സൂരജ് ആരോപിച്ചതോടെ രാഷ്ട്രീയമാനം കൈവന്നു. കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും കോടികൾ പലിശയില്ലാതെ മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതു തെളിയിക്കാൻ വഴികൾ തേടുകയാണ് വിജിലൻസ്. ഇബ്രാഹിംകുഞ്ഞിനെ നോട്ടീസ് നൽകി മൊഴിയെടുക്കാൻ വിളിക്കാനാണ് വിജിലൻസിന്റെ നീക്കം.
ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയനേതാക്കൾക്കും പങ്കുണ്ടെന്ന് വിജിലൻസ് പറയുന്നു. ആർ.ഡി.എസിന്റെ എം.ഡി സുമിത് ഗോയലിന് എല്ലാം അറിയാം. എന്നാൽ, വെളിപ്പെടുത്താൻ തയ്യാറാകുന്നില്ലെന്നാണ് വിജിലൻസ് പറയുന്നത്. അന്വേഷണത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ ആരെല്ലാം പ്രതിസ്ഥാനത്താകുമെന്ന ആകാംക്ഷ ബാക്കി നിൽക്കുന്നു. എറണാകുളത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാലാരിവട്ടം പഞ്ചവടിപ്പാലം വിവാദം ആളിക്കത്തും എന്നു തന്നെയാണ് വ്യക്തമായ സൂചനകൾ. കുടം തുറന്നെത്തുന്ന ഭൂതം ആരെയൊക്കെ വലയ്ക്കുമെന്ന് കണ്ടറിയണം. വിവാദങ്ങൾ ആളിയാലും അവസാനിച്ചാലും പൊതുജനങ്ങളെ നേരിട്ടുബാധിക്കുന്ന ഇത്തരം വികസന പദ്ധതികളുടെ ക്രമക്കേടിനും വീഴ്ചകൾക്കും എക്കാലത്തും നാണക്കേടായി പാലാരിവട്ടം ഫ്ളൈ ഓവർ ശേഷിക്കുമെന്ന് വ്യക്തം.
( അവസാനിച്ചു)