പിറവം: ഈ മാസം 28ന് നടക്കുന്ന പിറവം ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ക്രമീകരണങ്ങൾ സംഘാടക സമിതി വിലയിരുത്തി. മുന്നൊരുക്കങ്ങളുടെ ഭാഗമായി എം.എൽ.എ അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ സമിതി മത്സരവേദിയും സമീപ കേന്ദ്രങ്ങളും പരിശോധിച്ചു.
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ മുന്നോടിയായി പിറവം പ്രാദേശിക വള്ളംകളി നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മത്സര സമ്മേളനം ആരംഭിക്കും. രണ്ട് മണിക്ക് ആരംഭിക്കുന്ന പ്രാദേശിക വള്ളംകളിയിൽ പിറവത്തെ മൂന്ന് പ്രാദേശിക ക്ലബ്ബുകളുടെ ആറ് വള്ളങ്ങൾ മത്സരിക്കും.
പ്രാദേശിക വള്ളങ്ങൾക്ക് 70000 രൂപ വീതം ബോണസ് തുക നൽകും. വൈകീട്ട് നാല് മണി മുതൽ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ ആരംഭിക്കും. മൂന്ന് ഹീറ്റ്സുകളിലായി ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ലീഗിൽ മത്സരിക്കുന്നത്.മത്സരത്തോടനുബന്ധിച്ച് വിവിധ കലാ, സാംസ്കാരിക പരിപാടികളും പിറവത്ത് അരങ്ങേറും.
# വിപുലമായ പ്രചാരണ പരിപാടികൾ
മത്സരത്തിന്റെ മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. 27ന് പിറവം നിയോജകമണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ പതാക ജാഥ പര്യടനം നടത്തും. മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന്വൈകീട്ട് നാല് മണി മുതൽ പിറവത്ത് വിവിധ പ്രാദേശിക കമ്മറ്റികളുടെ യോഗം ചേരും.
റിസപ്ഷൻ, കൾച്ചറൽ, ഫുഡ്, പബ്ലിസിറ്റി കമ്മറ്റികളുടെ യോഗം വാട്ടർ അതോറിട്ടി ഗസ്റ്റ് ഹൗസിൽ ചേരും. പിറവത്ത് നടന്ന യോഗത്തിൽ പിറവം നഗരസഭാ ചെയർമാൻ സാബു കെ ജേക്കബ്, ടൂറിസം വകുപ്പ് ജോയിൻറ് ഡയറക്ടർ രാജ് കുമാർ, ജില്ലാ ഫയർ ഓഫീസർ കെ.എസ് ജോജി, മൂവാറ്റുപുഴ തഹസിൽദാർ പി.എസ് മധുസൂദനൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.