ആലുവ: കിണർവെള്ളം ശുദ്ധീകരിച്ച് കുപ്പിയിലാക്കി വില്പന നടത്തി വരുമാനം നേടുകയെന്ന ലക്ഷ്യവുമായി ആലുവ നഗരസഭ. വിജയകരമായി പ്രവർത്തിക്കുന്ന മട്ടാഞ്ചേരി ആർ.ഒ പ്ലാന്റ് നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സന്ദർശിച്ചു. റിവേഴ്‌സ് ഓസ്‌മോസിസ് പ്രക്രിയ വഴി ജലം ശുദ്ധീകരിച്ച് കുപ്പികളിലാക്കി വിൽക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ വനിതാ സംരംഭം എന്ന നിലയിൽ 24 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം പറഞ്ഞു. നിലവിലെ കുപ്പിവെള്ള വിലയേക്കാൾ കുറച്ച് വിൽക്കും. ലൈബ്രറിക്ക്പുറകിലുള്ള സ്ഥലമാണ് പദ്ധതിയാരംഭിക്കാൻ ഉദ്ദേശിക്കുന്നത്. ഇവിടെ രണ്ട് സെന്റിൽ പ്ലാന്റ് സ്ഥാപിക്കും. ബോട്ടിലിംഗ് പ്ലാന്റും ഇതോടൊപ്പം പ്രവർത്തനക്ഷമമാകും. ഭൂഗർഭ ജലം നന്നായി ലഭിക്കുന്ന മേഖലയായതിനാലാണ് മിനി സിവിൽ സ്റ്റേഷനു സമീപം ആർ ഒ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇവിടെ അനധികൃത വെള്ളമൂറ്റ് കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്ന മേഖലയാണ്.

# എതിർപ്പും

ലൈബ്രറി വാർഡിൽ കുടിവെള്ള ബോട്ടിൽ പ്ലാൻറ് ആരംഭിക്കാൻ അനുവദിക്കില്ലെന്ന് റസിഡന്റ്‌സ് അസോസിയേഷനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പദ്ധതിയാരംഭിക്കാനായി കണ്ടെത്തിയത് ലൈബ്രറിയുടെ വികസനത്തിനായി മാറ്റിവച്ച സ്ഥലമാണ്. അതിനാൽ പ്ലാന്റ് ഉചിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണവെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.