കൊച്ചി: പാലാരിവട്ടം ഫ്ളെെഓവറിന്റെ പുനർനിർമ്മാണത്തിന്റെ കടക്കുമ്പോൾ ഉയരുന്ന പ്രധാനചോദ്യം ഇത് തമ്മനം-പുല്ലേപ്പടി റോഡിലെദുരിതം നിറഞ്ഞ യാത്രക്ക് അറുതി വരുത്തുമോന്നതാണ്. കൊച്ചി കോർപ്പറേഷന്റെ കീഴിലാണീ റോഡ്.റോഡ് പൊട്ടിപ്പൊളിയുകയും പാലത്തിലെ കോൺക്രീറ്റ് തകരുകയും ചെയ്തതോടെ കാൽനടക്കാർക്കും വാഹനങ്ങൾക്കും ഇതുവഴിയുള്ള യാത്ര ദുരിതമാണ്. ദിവസവും നാലും അഞ്ചും അപകടങ്ങളാണ് നടക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. രണ്ടു കിലോമീറ്ററാണ് വലിയ കുഴികളും കുണ്ടുകളുമായി തകർന്നു കിടക്കുന്നത്. മെട്രോ റെയിൽ പണികളുടെ മുന്നോടിയായി ടാർ ചെയ്ത റോഡ് ഒരു വർഷത്തിനു മുമ്പേ കെ.എസ്.ഇ.ബിക്കുവേണ്ടി വീണ്ടും കുഴിച്ചു. ഇതുവരെ റോഡ് നന്നാക്കാൻ അധികൃതർ തയാറായില്ല. കുഴികൾ കാരണം വാഹനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണു സഞ്ചരിക്കുന്നത്. പലയിടത്തും ടാറിന്റെ അംശം പേരിന് പോലും കാണാനില്ല.

എംജി റോഡിൽ പത്മയിൽ ആരംഭിച്ച് കതൃക്കടവ്, കാരണക്കോടം, തമ്മനം, ചക്കരപ്പറമ്പ് വഴി ദേശീയപാതയിൽ എത്തുന്ന റോഡാണിത്. രണ്ട് പതിറ്റാണ്ടായെങ്കിലും എങ്ങുമെത്താതെ വികസനം വഴിമുട്ടി നിൽക്കുമ്പോഴാണ് റോഡിനിപ്പോൾ വല്ലാത്ത പ്രാധാന്യം വന്നുചേർന്നിരിക്കുന്നത്. ഇല്ലത്തുനിന്ന് പോരുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയുമില്ല എന്ന അവസ്ഥയിൽ നിന്ന് ഒരു മോചനം കൊതിക്കുമ്പോഴാണ് ഫ്ളെെഓവർ പുനർനിർമ്മാണം വരുന്നത്. എൻ.എച്ചിൽ നിന്ന് ഗതാഗതം ഇതു വഴി തിരിച്ചുവിടാനാണ് അധികൃതരുടെ പദ്ധതി.ഗതാഗതം തിരിച്ചു വിടണമെങ്കിൽ റോഡ് നന്നാക്കണം . ഏതായാലും ആ വഴിക്കാണ് പൊതുമരാമത്ത് വകുപ്പ് കാര്യങ്ങൾ നീക്കുന്നത്.

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് എസ്.എ റോഡിനു സമാന്തരമായി റോഡ് പദ്ധതി വിഭാവനം ചെയ്തത്.

കുഴി അടയ്ക്കുന്നത് ഓട്ടോ തൊഴിലാളികൾ

പാലത്തിലെ കോൺക്രീറ്റ് പലയിടത്തും തകർന്നു. രൂക്ഷമായ ഗതാഗതക്കുരുക്കാണു രാവിലെയും വൈകിട്ടുമുണ്ടാകുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഓട്ടോറിക്ഷ തൊഴിലാളികളാണു സ്വന്തം നിലയ്ക്കു കുഴി അടയ്ക്കുന്നത്. ഒട്ടേറെ സമരങ്ങളിലൂടെയാണ് 2007ൽ പുല്ലേപ്പടി പാലം യാഥാർഥ്യമായത്. 7 മീറ്റർ വീതി പോലും തികച്ചില്ലാത്ത തമ്മനം-പുല്ലേപ്പടി റോഡിൽ രണ്ടു വലിയ വാഹനങ്ങൾ എതിരേ വന്നാൽ ഗതാഗതം കുരുങ്ങും.

റോഡ് ടെെൽ വിരിക്കും

പുല്ലേപ്പടി തമ്മനം റോ‌ഡ് ഉടൻ സഞ്ചാര്യയോഗ്യമാക്കും. വാട്ടർ അതോറിട്ടി ഇറക്കിയിട്ട കൂറ്റൻ പെെപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കും. റോ‌ഡ് പൂർണമായും ടെെൽ വിരിച്ച് ഗതാഗതയോഗ്യമാക്കും. ഫ്ളെെഓവർ പൊളിച്ചു പണിയുമ്പോൾ .എൻ.എച്ച് -66 ൽ നിന്ന് ഗതാഗതം ഇതു വഴിതിരിച്ചുവിടാനാണിപ്പോഴത്തെ തീരുമാനം.

എസ്.സജിന, എക്സിക്യൂട്ടീവ് എൻജിനീയർ പി.ഡബ്ല്യു.ഡി.

 20 ലക്ഷം രൂപ

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി ജനറോം പദ്ധി പ്രകാരം നഗരസഭ അനുവദിച്ച തുക.എന്നാൽ പണി എങ്ങുമെത്തിയില്ല.