കൊച്ചി: കൊച്ചി ബ്ലൂ ബ്ലാക്ക് മെയിലിംഗ് കേസിൽ അറസ്റ്റിലായ പ്രതികളുടെ ഞെട്ടിപ്പിക്കുന്ന മൊഴികൾ പുറത്ത്. കോടികൾ തട്ടാൻ പ്രതികൾ നിരവധിപേരെ ഇരകളാക്കി. ദൃശ്യങ്ങളെല്ലാം ലാപ്ടോപ്പിൽ സൂക്ഷിച്ചു. ഫോണിലടക്കം പ്രധാന രേഖകൾ സൂക്ഷിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിലാണ് കേസിൽ നിർണായകമായ ഇൗ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. എന്നാൽ, ആരെയെല്ലാം കുരുക്കിയെന്നും ഇവരിൽ നിന്നെല്ലാം പണം തട്ടിയോ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് പ്രതികൾ മൗനം പാലിച്ചു. കണ്ണൂർ പയ്യന്നൂർ വെള്ളോര വെള്ളക്കടവ് മുണ്ടയോട്ട് സവാദ് (25), എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വർഗീസ് (26), കണ്ണൂർ സ്വദേശികളായ തളിപ്പറമ്പ് പരിയാരം മെഡിക്കൽ കോളേജിന് സമീപം പുൽക്കൂൽ വീട്ടിൽ അസ്കർ (25), കടന്നപ്പള്ളി കുട്ടോത്ത് വളപ്പിൽ മുഹമ്മദ് ഷഫീഖ് (27) എന്നിവരെയാണ് 'ബ്ളൂ ബ്ളാക്ക്മെയിലിംഗ്' കേസിൽ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിൽ കഴിയുന്ന നാല് പേരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ഖത്തറിൽ വച്ചാണ് കൂടുതൽപേരെയും കെണിയിൽ വീഴ്ത്തിയത്. സംസ്ഥാനത്ത് എത്തിയ ശേഷം ഇവർ സമാനമായ രീതിയിൽ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നിലവിൽ, പ്രതികളിൽ നിന്ന് കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അതേസമയം, കേസിൽ കൂട്ടുപ്രതിയായ ഒരാൾ കൂടിയുണ്ട്. കൂട്ടാളികൾ പിടിയിലായതോടെ ഇയാൾ ഒളിവിൽപ്പോയി. പ്രതിയുടെ പേരുവിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും സെൻട്രൽ സി.ഐ കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു. പ്രവാസി വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്. വ്യവസായിയെ യുവതിക്കൊപ്പം നിറുത്തി നഗ്നചിത്രങ്ങൾ പകർത്തി ബ്ളാക്ക്മെയിൽ ചെയ്ത് അരക്കോടി രൂപ തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി.
ഒരുക്കും മുറി നിറയെ കാമറ
ഖത്തറിൽ ജോലി ചെയ്തിരുന്ന മേരി വർഗീസ് ഫേസ്ബുക്കിലൂടെ വ്യവസായിക്ക് സന്ദേശം അയച്ചു. പിന്നീട് ഇരുവരും സൗഹൃദത്തിലായി. ഇയാളെ കുടുക്കാൻ മേരി വർഗീസ് ഖത്തറിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. വ്യവസായി എത്തുന്നതിന് മുമ്പേ സവാദ് മുറിയിൽ കാമറ സജീകരിച്ചിരുന്നു. മുറിയിലെത്തിയ വ്യവസായിയുടെ വസ്ത്രങ്ങൾ പ്രതികൾ ഊരിമാറ്റി നഗ്നയായ മേരിക്കൊപ്പം നിറുത്തി ചിത്രങ്ങൾ പകർത്തി. നാട്ടിലേക്ക് മടങ്ങിയ വ്യവസായിയുടെ മൊബൈൽ ഫോണിലേക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തു. 50 ലക്ഷം രൂപ തന്നില്ലെങ്കിൽ സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത്രയും തുക നൽകാനില്ലാതിരുന്നതോടെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച വ്യവസായി, സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിക്ക് പരാതി നൽകുകയായിരുന്നു. സവാദാണ് ബ്ളാക്മെയിലിംഗിന്റെ മുഖ്യ ആസൂത്രകനെന്നാണ് പ്രാഥമിക നിഗനമം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ ബ്ലാക്ക്മെയിലിംഗ് സംഘത്തിലെ സൂത്രധാരൻ ആരെന്ന് വ്യക്തമാകൂ.
പൊലീസ് കെണിയിൽ വീണു
പൊലീസ് ഖത്തറിലുള്ള സുഹൃത്തുക്കൾ വഴി നടത്തിയ അന്വേഷണത്തിൽ പ്രതികൾ വാടകയ്ക്ക് എടുത്തിരുന്ന മുറി കണ്ടെത്തി. മുറി എടുത്തിരിക്കുന്നവരെക്കുറിച്ചും വിവരം ലഭിച്ചു. പ്രതികൾ എവിടെയുണ്ടെന്ന് മനസിലാക്കാൻ പൊലീസ് നിർദ്ദേശപ്രകാരം 30,000 രൂപ വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്ക് നൽകി. പണം പിൻവലിച്ചത് കണ്ണൂർ തളിപ്പറമ്പിലെ എ.ടി.എമ്മിൽ നിന്നാണെന്ന് മനസിലായതോടെ പൊലീസ് അവിടേക്ക് തിരിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായിരുന്നു. ഇവർ രഹസ്യമായി ഉപയോഗിക്കുന്ന ഫോൺനമ്പർ ലഭിച്ചതോടെ പൊലീസ് പിന്തുടർന്നു. കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മടിക്കേരിയിലെ ലോഡ്ജിൽ താമസിക്കുമ്പോഴാണ് പ്രതികൾ പിടിയിലായത്. എറണാകുളം എ.സി.പി കെ. ലാൽജി, സെൻട്രൽ സി.ഐ എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ സെൻട്രൽ എസ്.ഐ. കിരൺ സി. നായർ, അസിസ്റ്റന്റ് എസ്.ഐ. എസ്.ടി. അരുൾ, സീനിയർ സി.പി.ഒമാരായ ഇ.എം. ഷാജി, അനീഷ്, ഒ.എം. ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.