കൊച്ചി: വേരിക്കോസ് നാഡി പ്രശ്‌നം രാജ്യത്ത് വൻ തോതിൽ വർദ്ധിക്കുന്നതായി പഠനങ്ങൾ. ഓരോ വർഷവും അഞ്ചുശതമാനം ഇന്ത്യക്കാരെയെങ്കിലും ഇത് ബാധിക്കുന്നുണ്ട്. ചികിത്സ ചെയ്യാതിരുന്നാൽ നാഡികൾ രക്തയോട്ടം തടഞ്ഞ് വീർക്കും.

ലക്ഷണങ്ങൾ

കടുത്തവേദന, കാലിന് ഭാരക്കൂടുതൽ, ചർമ്മത്തിന് നിറവ്യത്യാസം, കണങ്കാലിനും കാൽമുട്ടിന് പുറകിലും നേരിയതോതിൽ നിന്ന് കഠിനമായ വീക്കം, കാലുകളിൽ പെട്ടെന്ന് ഞരമ്പ് വലിച്ചിൽ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ.

രോഗകാരണം

ഗർഭാവസ്ഥ, പാരമ്പര്യം, അമിതവണ്ണം എന്നിവയ്‌ക്കൊപ്പം ഉദാസീനമായ ജീവിതശൈലി

ആളുകൾ പലപ്പോഴും വെരിക്കോസ് നാഡികളെ സൗന്ദര് പ്രശ്‌നമായാണ് കണക്കാക്കുന്നത്. നേരത്തേ ചികിത്സിച്ചാൽ ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെയും ഏതാനും വ്യായാമങ്ങളിലൂടെയും ഭേദമാക്കാം. കൂടുതൽ ഓടുന്നതും നടക്കുന്നതും വേരിക്കോസിന് കാരണമല്ല. സജീവമായാൽ രോഗം വഷളാകില്ല.

ഡോ. രോഹിത് പി.വി. നായർ

ആസ്റ്റർ മെഡിസിറ്റി കൺസൾട്ടന്റ് റേഡിയോളജിസ്റ്റ്

രണ്ട് ചികിത്സകൾ

എൻഡോവെനസ് ലേസർ തെറാപ്പി (ഇ.എൽ.വി.ടി)

റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ തെറാപ്പി (ആർ.എഫ്.എ)

ആർ.എഫ്.എയിൽ റേഡിയോ ഫ്രീക്വൻസി എനർജിയാണ് കേടുവന്ന വശങ്ങളെ ചൂടാക്കുക. ഇത് വേദനയുണ്ടാക്കുകയോ പാടുകൾ വരുത്തുകയോ ചെയ്യില്ല, പെട്ടെന്ന് ഭേദമാകുകയും ചെയ്യും.

വെരിക്കോസ് സിരകളെ ചികിത്സിക്കുന്നതിലെ ഏറ്റവും പുതിയ മുന്നേറ്റമാണ് മെഡിക്കൽ പശ ഉപയോഗിച്ചുള്ള ചികിത്സ. കത്തീറ്ററിലൂടെ പശ കുഴപ്പമുള്ള ഭാഗങ്ങളിൽ തേച്ചശേഷം ഞരമ്പ് അടയ്ക്കും. ഇതിന് കുറഞ്ഞസമയം മതി. വേഗം സുഖം പ്രാപിക്കും.

വേരിക്കോസ് രോഗികൾക്ക്

* പതിവായി നടന്ന് കാലിലെ രക്തഓട്ടം വർദ്ധിപ്പിക്കണം.
* അമിതഭാരം ഒഴിവാക്കുക. ഉപ്പ് കുറച്ച് ഉപയോഗിക്കുക

* ഹീൽ കുറഞ്ഞ ചെരിപ്പ് ഉപയോഗിക്കുന്നത് ഞരമ്പുകൾക്ക് നല്ലതാണ്.
* അരയിലും കാലിലും ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ ഒഴിവാക്കുക.
* ജോലിക്കിടെ കാലുകൾ ഉയർത്തണം. കാലിനടിയിൽ രണ്ടോ മൂന്നോ തലയിണ വച്ച് കിടക്കുന്നത് നല്ലതാണ്.
* കൂടുതൽ സമയം ഒരേ പൊസിഷനിൽ ഇരിക്കുന്നതും നിൽക്കുന്നതും ഒഴിവാക്കുക.