അറ്റകുറ്റപ്പണി നടത്തി
ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് ഹർജി
കൊച്ചി : പാലാരിവട്ടം ഫ്ളൈഒാവർ പൊളിച്ചുകളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ബലപരിശോധന നടത്തി ഫ്ളൈ ഒാവർ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നുമാവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശി പി. വർഗീസ് ചെറിയാൻ ഹൈക്കോടതിയിൽ ഹർജി നൽകി. പാലാരിവട്ടം ഫ്ളൈ ഒാവർ ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ പുന: നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സെപ്തംബർ 17 നാണ് പ്രഖ്യാപിച്ചത്. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സിന്റെ വ്യവസ്ഥകൾ പ്രകാരം ലോഡ് ടെസ്റ്റ് നടത്തി ബലം ഉറപ്പാക്കാതെ ഫ്ളൈ ഒാവർ പൊളിച്ചു പണിയരുത്. നേരത്തെ കുഴിടയച്ചും റോഡ് ലെവൽ ചെയ്തും അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ പാലം ഗതാഗതത്തിന് തുറന്നുനൽകിയില്ല. പാലാരിവട്ടം ഫ്ളൈഒാവർ അടച്ചിട്ടതോടെ ഇൗ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഫ്ളൈ ഒാവറിന് അപാകതയുണ്ടെങ്കിൽ അതു പരിഹരിക്കാൻ നിർമ്മാണ കരാറുകാരായ ആർ.ഡി.എസ് പ്രൊജക്ട്സിനോടു നിർദ്ദേശിക്കണം. അറ്റകുറ്റപ്പണികളുടെ ചെലവ് ഇൗ കമ്പനിയിൽ നിന്ന് ഇൗടാക്കണം. ഫ്ളൈഒാവറിന്റെ സ്ഥിതിയെക്കുറിച്ച് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നീ ആവശ്യങ്ങളും ഹർജിക്കാരൻ ഉന്നയിച്ചിട്ടുണ്ട്. പൊതു ജനതാല്പര്യ പ്രകാരമാണ് ഹർജി നൽകുന്നതെന്നും ഹർജിക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്. കേരള ജനതാസംഘം (യു) സെൻട്രൽ കമ്മിറ്റി ചെയർമാനും ആർ.എസ്.പി (ലെനിനിസ്റ്റ്) ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് താനെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.