road
പൈപ്പിടാൻ റോഡ് കുത്തി പൊളിച്ച ശേഷം റീ ടാറിംഗ് നടത്ത നിലയിൽ റോഡ്

കോലഞ്ചേരി: പൈപ്പിടാൻ റോഡ് കുത്തിപ്പൊളിച്ചു, നാട്ടുകാർക്ക് യാത്ര ദുരിതമായി.ഗ്യാസ് ഗോഡൗൺ ബ്ളോക്ക് ജംഗ്ഷൻ റോഡ് യാത്രക്കാരെ വലയ്ക്കുന്നു. മൂന്നു മാസം മുമ്പാണ് ജല അതോറിട്ടി പൈപ്പിടാനായി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് നൂറു മീറ്ററോളം കുഴിച്ചത്. ഇതോടെ ടാറിംഗ് പൊളിഞ്ഞു. പൈപ്പിട്ട് മൂടിയ കുഴികളിൽ മഴവെള്ളം കുത്തിയൊലിച്ചതോടെ കാൽ നട‌ യാത്രക്കാരും ദുരിതത്തിലായി. ബ്ളോക്ക് ജംഗ്ഷനിൽ നിന്നും മെഡിക്കൽ കോളേജ്, മുൻസിഫ്, മജിസ്ട്രേട്ട് കോടതികൾ, ഗ്യാസ് ഗോഡൗൺ എന്നിവിടങ്ങളിലേയക്കുള്ള വഴിയാണിത്. ഈ വഴിയിൽ നേരത്തെ ഗാർഹീക കണക്ഷനു വേണ്ടി വർഷങ്ങൾക്കു മുമ്പെ പൈപ്പിട്ടിരുന്നതാണ് . പൈപ്പ് നിരന്തരം പൊട്ടാൻ തുടങ്ങിയതോടെയാണ് പുതിയ പൈപ്പിടാൻ തീരുമാനിച്ചത്. എന്നാൽ പഴയ പൈപ്പ് മാറ്റാതെയാണ് പുതിയ പൈപ്പിട്ടിരിക്കുന്നത്. പഞ്ചായത്ത് റോഡായതിനാൽ ടാറിംഗ് പഞ്ചായത്തിന്റെ ഉത്തരവാദിത്തത്തിൽ ചെയ്യണം. അത് നടക്കുന്നുമില്ല.

പഴയ പൈപ്പ് മാറ്റാതെ പുതിയ പൈപ്പിട്ടു

മൂടിയ കുഴികളിൽ മഴവെള്ളം കുത്തിയാെലിച്ചു.