marad-flat-case-

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ എന്ന് പൊളിച്ചുമാറ്റുമെന്ന് സുപ്രീംകോടതി ചോദിക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് താമസക്കാരായ ഉടമകൾ. തങ്ങളുടെ വാസസ്ഥലത്ത് ആശങ്കയില്ലാതെ ജീവിക്കാൻ സമ്മതം നൽകുന്നത് തന്നെയാവും വെള്ളിയാഴ്ച വരുന്ന വിധിയെന്നാണ് അവരുടെ പ്രതീക്ഷ. സർക്കാർ നിർദ്ദേശിക്കുന്നത് അനുസരിച്ച് പ്രവർത്തിക്കുമെന്ന നിലപാടിലാണ് മരട് നഗരസഭ.

വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ആദ്യം ഒലിച്ചുപോവുക ഫ്ലാറ്റിലുള്ളവരാണെന്ന് സുപ്രീംകോടതി പറഞ്ഞത് ഇവിടത്തെ താമസക്കാരുടെ ജീവനിൽ ആശങ്കയുള്ളത് കൊണ്ടാവാമെന്ന് ഫ്ളാറ്റുടമകൾ പറയുന്നു. എത്ര വേലിയേറ്റമുണ്ടായാലും വെള്ളത്തിന്റെ നിരപ്പ് ഉയരാത്ത കായൽതിതീരത്താണ് തങ്ങളുള്ളതെന്ന് എച്ച് ടു ഒ അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ എക്സിക്യുട്ടീവ് അംഗം ജയകുമാർ വള്ളിക്കാവ് പറയുന്നു. ഫ്ളാറ്റ് പൊളിക്കുകയാണെങ്കിൽ ഇപ്പോൾ തങ്ങൾ താമസിക്കുന്ന നിലവാരത്തിൽ പുനരധിവാസം സർക്കാർ ഒരുക്കണം. കേരളത്തിലെ മുഴുവൻ കൈയേറ്റങ്ങളും പരിശോധിക്കണമെന്ന കോടതിയുടെ പരാമർശം തങ്ങൾക്ക് ആശ്വാസം നൽകുന്നതാണെന്ന് മറ്റൊരു താമസക്കാരനായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. തങ്ങളുടെ ഫ്ലാറ്റുകൾ മാത്രമല്ല ഇങ്ങനെ നിർമ്മിച്ചത്. കണക്കെടുത്തതിന് ശേഷം പൊളിക്കാനാണെങ്കിൽ കൂടുതൽ സമയം ആവശ്യമായി വരും.

പൊളിക്കാൻ 15 കമ്പനികൾ

രാഷ്ട്രീയകക്ഷികളുടെ വ്യത്യസ്ത താത്പര്യങ്ങൾക്കിടയിൽപ്പെട്ട അവസ്ഥയിലാണ് തങ്ങളെന്ന് മരട് നഗരസഭാ അധികൃതർ പറയുന്നു. 15 കമ്പനികൾ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള കമ്പനികളുണ്ട്. ചെന്നൈ ഐ.ഐ.ടിയുടെ നിർദ്ദേശം അനുസരിച്ചാവും കമ്പനിയെ തിരഞ്ഞെടുക്കുക. വിവിധ പരിസ്ഥിതി പൗരാവകാശ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ ഇന്നലെ മരടിൽ ജനകീയ കൺവെൻഷൻ നടത്തി. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച അനധികൃത ഫ്ലാറ്റുകൾ പൊളിച്ചുമാറ്റണമെന്ന് പങ്കെടുത്തവർ ആവശ്യപ്പെട്ടു.