വൈപ്പിൻ: മാതൃകാ ഹാർബറായ മുനമ്പം ഹാർബറിന്റെ വികസനത്തിനായി രൂപീകരിച്ചിട്ടുള്ള മാനേജ്‌മെന്റ് സൊസൈറ്റിയെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥർ കാര്യങ്ങൾ നിശ്ചയിക്കുന്നതായി ആക്ഷേപം. കമ്മിറ്റിയോഗം കൂടാതെയും ചർച്ച നടത്താതെയുമാണ് മുന്നോട്ടുപോകുന്നത്. ഏറെക്കാലത്തെ ആവശ്യമായിരുന്ന നിരീക്ഷണകാമറകൾ സ്ഥാപിച്ചതുപോലും കമ്മിറ്റിയുടെ അറിവോടെയല്ല. മുനമ്പം-അഴീക്കോട് പുലിമുട്ടുകളിൽ സ്ഥാപിച്ചിരിക്കുന്ന ദിശാവിളക്കുകളുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. ഇതൊന്നും കമ്മിറ്റി വിളിച്ചുകൂട്ടി ചർച്ച ചെയ്യുന്നില്ല. മാനേജ്‌മെന്റ് സൊസൈറ്റി കമ്മിറ്റി വിളിച്ചുകൂട്ടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ചെയർമാനായ ജില്ലാ കളക്ടറോട് മുനമ്പം യന്ത്രവത്കൃത മത്സ്യബന്ധന പ്രവർത്തകസംഘം ആവശ്യപ്പെട്ടു.