പറവൂർ : കരുമാല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മംഗലപ്പുഴ സെമിനാരി മുതൽ മുട്ടുപുറം വരെയുള്ള പെരിയാറിൽ പ്രളയത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് നീക്കം ചെയ്യുണമെന്ന് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. 40 അടിവരെ താഴ്ചയുണ്ടായിരുന്ന പല ഭാഗങ്ങളിലും ഇപ്പോൾ നടന്ന് അക്കരെ പോകാവുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇത്തവണ മലവെള്ളം മൂലം വളരെ പെട്ടെന്ന് തന്നെ പലസ്ഥലങ്ങളിലും വെള്ളം കയറുന്ന സാഹചര്യമുണ്ടായി. പല സ്ഥലങ്ങളിലും ബീച്ചിന് സമാനമായ തിട്ടരൂപപ്പെട്ടിട്ടുണ്ട്. വലിയ നിലയിൽ ഇരുകരകളും ഇടിഞ്ഞും പുഴ നികന്നിട്ടുണ്ട്. ഈ വിഷയത്തിൽ ശാസ്ത്രീയമായ പഠനം നടത്തി നികന്നിട്ടുള്ള സ്ഥലങ്ങളിൽ മണൽ വാരുന്നതിന് അനുവദിക്കണമെന്ന് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകി.