ആലുവ: നികുതിവെട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനങ്ങൾക്കെതിരെ നഗരസഭ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ബാങ്ക് കവലയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന പേ ആൻഡ് പാർക്ക് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ നഗരസഭ റവന്യൂവിഭാഗം പൂട്ടി സീൽവച്ചു.
അനധികൃത പേ ആൻഡ് പാർക്ക് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ നഗരസഭാ സെക്രട്ടറിക്ക് രേഖാമൂലം നൽകിയിരുന്ന പരാതിയും അവഗണിച്ച സാഹചര്യത്തിൽ കേരളകൗമുദി ഇതു സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് നഗരസഭ ലൈസൻസും സ്ഥലത്തിന്റെ രേഖകളും ഹാജരാക്കാൻ പേ ആൻഡ് പാർക്ക് ഉടമയ്ക്ക് നഗരസഭ നിർദ്ദേശം നൽകിയെങ്കിലും രണ്ടും ഹാജരാക്കാനായില്ല. ലൈസൻസ് എടുക്കാൻ ഭൂവുടമ സന്നദ്ധമായെങ്കിലും ഭൂമിയുടെ രേഖകൾ പൂർണമായി ഹാജരാക്കാൻ കഴിഞ്ഞില്ല. അനുവദിച്ച കാലാവധി അവസാനിച്ചതിനെത്തുടർന്ന് കഴിഞ്ഞ 19ന് അടച്ചുപൂട്ടുന്നതിനുള്ള നോട്ടീസ് ഭൂവുടമയുടെ കെട്ടിടത്തിൽ നഗരസഭ പതിച്ചിരുന്നു. എന്നിട്ടും പ്രവർത്തനം തുടർന്ന പശ്ചാത്തലത്തിലാണ് ഇന്നലെ നഗരസഭ ഉദ്യോഗസ്ഥരെത്തി സീൽ ചെയ്തത്. ഇതിനിടെ ചില നഗരസഭാ കൗൺസിലർമാരെ സ്വാധീനിച്ച് സ്ഥാപനം തുറക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
# അട്ടിമറിക്കുന്നത് ലൈസൻസ് വേണമെന്ന ചട്ടം
ടിക്കറ്റ് ഉപയോഗിച്ച് പണം പിരിക്കുന്നതിന് ലൈസൻസ് വേണമെന്നാണ് ചട്ടം. ഇത് മറികടന്നാണ് നഗരത്തിലെ ഭൂരിഭാഗം പേ ആൻഡ് പാർക്കുകളും പ്രവർത്തിക്കുന്നത്. ആലുവ മാർക്കറ്റ് നവീകരിക്കുന്നതിന് നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചിട്ട് അഞ്ച് വർഷത്തോളമായി. നിർദ്ദിഷ്ട പുതിയ കെട്ടിടത്തിൽ മുറി അനുവദിക്കുന്നതിന് നിലവിലെ കച്ചവടക്കാരിൽ നിന്ന് ശേഖരിച്ച 80 ലക്ഷത്തോളം രൂപ ധനക്കമ്മിയെ തുടർന്ന് നഗരസഭ വകമാറ്റി ചെലവഴിച്ചിരുന്നു. ഈ സാഹചര്യത്തിലും ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
# നടപടി തുടരും
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നിയമപരമായ നടപടികൾ തുടരുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.