elephants

കൊച്ചി : പീഡനവും വിശ്രമമില്ലായ്മയും കാരണം കേരളത്തിലെ നാട്ടാനകളുടെ മരണനിരക്ക് വർഷംതോറും വർദ്ധിക്കുകയാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി. 2017ൽ 17 നാട്ടാനകൾ ചരിഞ്ഞപ്പോൾ അടുത്തവർഷം 34 ആയി. ഇൗ വർഷം ഇതുവരെ 14 ആനകൾ ചരിഞ്ഞെന്നും വിദഗ്ദ്ധ സമിതിയെ ഉദ്ധരിച്ച് അമിക്കസ് ക്യൂറി വ്യക്തമാക്കി.

ആനകളെ പീഡിപ്പിക്കുന്നത് തടയണമെന്നും നാട്ടാന പരിപാലനച്ചട്ടം പാലിച്ച് എഴുന്നള്ളിക്കാൻ നിർദ്ദേശിക്കണമെന്നുമാവശ്യപ്പെട്ട് സൊസൈറ്റി ഫോർ പ്രിവൻഷൻ ഒഫ് ക്രുവൽറ്റി ടു ആനിമൽസ് ഇടുക്കി ജില്ലാ സെക്രട്ടറി എം.എൻ. ജയചന്ദ്രൻ നൽകിയ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്.

ആനകളുടെ തലപ്പൊക്ക മത്സരം നിരോധിക്കണമെന്നും തുടർച്ചയായി നാലു മണിക്കൂറിൽ കൂടുതൽ ആനകളെ ഉപയോഗിക്കാൻ പാടില്ലെന്നും ശുപാർശ ചെയ്ത് സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗം ഡോ. പി.എസ്. ഇൗസയും ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൂന്നു ദിവസം എഴുന്നള്ളത്തിനും മറ്റും ഉപയോഗിച്ചാൽ നാലാം നാൾ വിശ്രമം നൽകണമെന്നും നിർദ്ദേശിക്കുന്നു.

അമിക്കസ് ക്യൂറി റിപ്പോർട്ട്

 ഡോക്ടർമാർ ചട്ടവും വ്യവസ്ഥകളും ലംഘിച്ച് ആനകളെ എഴുന്നള്ളിക്കാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നു

 പോഷകാഹാരക്കുറവ്, വിശ്രമമില്ലാത്ത ജോലി, പീഡനം തുടങ്ങിയവയാണ് മരണനിരക്ക് ഉയരാൻ കാരണം

 ഇടനിലക്കാർ ആനകളെ നിശ്ചിതകാലത്തേക്ക് വാടകയ്ക്കും പാട്ടത്തിനും എടുക്കുന്നത് തടയണം

 65 വയസു പിന്നിട്ട ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് നിരോധിക്കണം.

 കേരളത്തിൽ 507 നാട്ടാനകളുണ്ട്. ഇവയിൽ 97 എണ്ണം പിടിയാനകളാണ്