കൊച്ചി: പാലാരിവട്ടം ഫ്ലൈ ഓവർ പൊളിക്കാനുള്ള തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് അസോസിയേഷൻ ഒഫ് സ്ട്രക്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ് (എ.എസ്.ജി.സി.ഇ) വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഐ.ഐ.ടിയുടെ രണ്ടാമത്തെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പൊളിക്കാൻ തീരുമാനിച്ചതെങ്കിൽ ആ റിപ്പോർട്ട് പരസ്യപ്പെടുത്തണം. ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെയുള്ള തീരുമാനമാണ് പാലം പൊളിക്കുന്നതിന് പിന്നിൽ. ഇത് ഇ. ശ്രീധരന്റെ നിർദേശമാണെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ കുറച്ചു ദിവസം പാലത്തിന്റെ അടിയിൽ പോയിനിന്നുനോക്കി നടത്തിയ പരിശോധനകൊണ്ട് പാലത്തിന്റെ നിലവിലെ അവസ്ഥ മനസിലാക്കാൻ സാധിക്കില്ല. . ഐ.ഐ.ടിയുടെ ആദ്യ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്ന പാലം നിർമാണത്തിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നു. ഐ.ഐ.ടിയുടേത് അടക്കമുള്ള പഠനങ്ങളിൽ മറ്റ് വീഴ്ചകളൊന്നുംതന്നെ നിർമ്മാണത്തിൽ കണ്ടെത്തിയിരുന്നില്ല. ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐ.ആർ.സി) നിഷ്‌കർച്ചിരിക്കുന്ന രീതിയിൽത്തന്നെയാണ് നിർമാണം നടത്തിയിരിക്കുന്നത്. കോൺക്രീറ്റിംഗ് അടക്കമുള്ള പണികൾ ഐ.ആർ.സിയുടെ ബഹുഭൂരിപക്ഷം മാനദണ്ഡങ്ങളും പാലിച്ചാണെന്നും പല പരിശോധനകളിലും വ്യക്തമായതാണ്. ഗർഡറുകളിലും മറ്റുമുണ്ടായിരിക്കുന്ന ചില വിള്ളലുകളും ഐ.ആർ.സി പരിധിക്കുള്ളിൽത്തന്നെയാണ്. ഗർഡറുകളിലെ 102 വിള്ളലുകളിൽ 97 എണ്ണമാണ് പരിശോധിച്ചത്.. അപ്പോൾമാത്രമേ ഇനിയും പാലത്തിനുള്ള ബലക്ഷയം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ. എ.എസ്.ജി.സി.ഇ പ്രസിഡന്റ് റജി സ്‌കറിയ, മുൻ പ്രസിഡന്റ് എസ്. സുരേഷ്, പി.ഡബ്ല്യു.ഡി റിട്ട. ചീഫ് എൻജിനീയർ കുര്യൻ മാത്യു, പാലങ്ങളുടെ അറ്റകുറ്റപ്പണിക്കും സംരക്ഷണത്തിനുമുള്ള ഐ.ആർ.സി ടെക്‌നിക്കൽ ടീമംഗം ഡോ. യാക്കൂബ് മോഹൻ ജോർജ്, ഐ.ജി.എസ് ദേശീയ നിർവാഹക സമിതിയംഗം ഡോ. അനിൽ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

0.38 എം.എം ആണ് വിള്ളലുകളുടെ വ്യാപ്തി. പരിധി 0.236 . ഭാര പരിശോധനകൂടി നടത്തുമ്പോൾ ഇത് എത്രകൂടുമെന്ന പരിശോധനയും നടത്തണം