മൂവാറ്റുപുഴ: രുചിയുടെ കലവറ തുറന്ന് താജുദ്ദീൻ മൗലവി സ്മാരക അംഗൻവാടിയിൽ നടന്ന പാചക മത്സരം ശ്രദ്ധേയമായി. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ പോഷൻ അഭിയാൻ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി നടന്ന് വരുന്ന പോഷകാഹാര വാരാചരണം-2019 ന്റെ പദ്ധതിയിൽ പായിപ്ര ഗ്രാമപഞ്ചായത്ത് 10ാം വാർഡിലെ നിരപ്പിൽ പ്രവർത്തിക്കുന്ന താജുദ്ദീൻ മൗലവി സ്മാരക അംഗൻവാടിയിൽ നടന്ന പാചക മത്സരത്തിൽ രുചി കൂട്ടുകളുടെ കലവറ തുറന്നുകൊണ്ടായുരുന്നു പാചക മത്സരം നടന്നത്. മത്സരത്തോടൊപ്പം തന്നെ ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.കൗമാരപ്രായക്കാർ, ശിശുക്കൾ എന്നിവരിൽ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് വേണ്ടിയാണ് വിവിധ വകുപ്പുകളെ ഏകീകരിച്ചുകൊണ്ട് സമ്പുഷ്ട കേരളം പദ്ധതി നടപ്പിലാക്കുന്നത്. മികച്ച പോഷണത്തിന് ശ്രദ്ധിക്കേണ്ട പോഷകാഹാരം, വിളർച്ച തടയൽ, വയറിളക്ക നിയന്ത്രണം, ശുചിത്വവും, ശുചിത്വ ശീലങ്ങളും തുടങ്ങിയ അഞ്ചു പ്രവർത്തനങ്ങളാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. പാചക മത്സരം വാർഡ് മെമ്പർ ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി ചെയർമാൻ രാജു കാരിമറ്റം അദ്ധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ എം.വി.സുഭാഷ് സമ്മാനദാനം നിർവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.മുരളീധരൻ നായർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനീഷ് കുമാർ, ഐ.സി.ഡി.എസ്.സൂപ്രവൈസർ രമ്യ രതീഷൻ എന്നിവർ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. അംഗൻവാടി വർക്കർ കവിത ലെനിൻ, ഹെൽപ്പർ പി.കെ.ഷാനി, എ.ഡി.എസ്.മെമ്പർ പ്രീത ദിനേഷ് എന്നിവർ സംസാരിച്ചു.