manal
ചെങ്ങമനാട് പഞ്ചായത്തിലെ കാട്ടിലെക്കാവ് ക്ഷേത്രത്തിനടുത്തെ കടവിൽ പെരിയാറിൽ നിന്ന് മണൽമാഫിയ വാരിക്കുട്ടിയ മണൽ ശേഖരം.

നെടുമ്പാശേരി: പെരിയാറിൽ നിന്ന് അനധികൃതമായി വാരിയ മണൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പിടികൂടി പൊലീസിന് കൈമാറി. ഇന്നലെ പുലർച്ചെ ദേശം കുന്നുംപുറം കാട്ടിലക്കാവ് ക്ഷേത്രത്തിനടുത്തെ കടവിൽ വാരിക്കൂട്ടിയ മണലാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്.പിടികൂടിയ മണൽ റവന്യൂവകുപ്പ് 10,800 രൂപയ്ക്ക് ലേലം ചെയ്തു.

മണൽ കൊള്ളയ്ക്ക് പൊലീസ് ഒത്താശയെന്ന് പ്രസിഡന്റ്

പെരിയാറിലെ മണൽക്കൊള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അരങ്ങേറുന്നതെന്ന് ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി ആരോപിച്ചു. ചെങ്ങമനാട് പഞ്ചായത്ത് പരിധിയിലെ പെരിയാറിൽ രാപ്പകൽ ഭേദമെന്യേ മണൽക്കൊള്ള നടക്കുന്നു. പൊലീസിൽ പല തവണ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറെ നാളായി മംഗലപ്പുഴ പാലത്തിന് കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളിലും കാട്ടിലക്കാവ് കടവ് പരിസരത്തും മണൽക്കൊള്ള രൂക്ഷമായിരുന്നുവത്രെ. അതിനിടെ ഇന്നലെ പുലർച്ചെ പെരിയാറിൽ നിന്ന് വാരിൽ മണൽ കാട്ടിലെക്കാവ് കടവിലത്തെിച്ച് കടത്താൻ ശ്രമിക്കുന്നതായി പരിസരവാസികൾ പ്രസിഡന്റിന് സൂചന നൽകി. തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ മണിക്കൂറുകളോളം ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാണ് മണൽക്കൊള്ള കണ്ടെത്തിയത്. ജില്ലാ റൂറൽ എസ്.പിയുടെ പ്രത്വേക സ്ക്വാഡിനെ വിവരമറിയിച്ച ശേഷമാണ് മണൽക്കൊള്ള കണ്ടെത്താനിറങ്ങിയതെന്നും ദിലീപ് പറഞ്ഞു. താൻ ജില്ലാ കളക്ടറെ വിവരമറിയിച്ചത് മൂലമാണ് മണൽ ലേലം ചെയ്യാൻ നടപടിയുണ്ടായത്. പൊലീസ് കടവിൽ നിൽക്കുമ്പോഴും പെരിയാറിലൂടെ മണൽ കടത്ത് നിർബാധം തുടരുന്നുണ്ടായിരുന്നുവെന്നും ദിലീപ് പറഞ്ഞു.