കൊച്ചി: എൻ.എസ്.എസ് വോളണ്ടിയർമാരുടെ സഹായത്തോടെ കായലുകൾ പ്ളാസ്റ്റിക് വിമുക്തമാക്കുന്ന കർമ്മപരിപാടിക്ക് ഒക്ടോബർ അഞ്ചിന് തുടക്കം കുറിക്കുമെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ് ) വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ അറിയിച്ചു.
കുഫോസിൽ നാഷണൽ സർവീസ് സ്‌കീമിന്റെ സുവർണ്ണ ജൂബിലി ദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബോധവത്കരണമാണ് ആദ്യഘട്ടം. അടിത്തട്ടിൽ കുമിഞ്ഞ് കൂടിയ പ്ളാസ്റ്റിക് മാലിന്യങ്ങൾ കായലുകളിലെ ജൈവശൃംഖലയുടെ നിലനില്പിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. രജിസ്ട്രാർ ഡോ.ബി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ഡോ. ബിനു വർഗിസ്, ഡോ. രജീഷ്‌കുമാർ വി.ജെ.എന്നിവർ പ്രസംഗിച്ചു.