വൈപ്പിൻ: ഗവൺമെന്റ് അധീനതയിലുള്ള വൈപ്പിൻ കാളമുക്ക് ഫിഷ് ലാൻഡിംഗ് സെന്റർ വഴിശരിയാക്കി പ്രവർത്തന യോഗ്യമാക്കണമെന്ന ആവശ്യമുയർത്തി മത്സ്യഫെഡിനോടും സഹകരണ സംഘങ്ങളോടും ജില്ലയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നടത്തിവന്ന സാമ്പത്തിക നിസഹകരണ സമരം പിൻവലിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജർ കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യഫെഡ് ഉദ്യോഗസ്ഥർ, സഹകരണ സംഘം പ്രസിഡന്റുമാർ, വിവിധ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗം തീരുമാനമാവാതെ പിരിഞ്ഞുവെങ്കിലും പിറ്റേദിവസം കൊച്ചിയിൽ ഫിഷറീസ് മന്ത്രി അടക്കം എല്ലാവരും കൂടി വീണ്ടും ചേർന്ന യോഗത്തിൽ ഫിഷറീസ് മന്ത്രിയുടെ ഉറപ്പിന്മേൽ സമരം പിൻവലിക്കുയായിരുന്നു.
വരുന്ന രണ്ട് മാസങ്ങൾക്കുള്ളിൽ ലാന്റ് അക്വിസിഷൻ നടപടികൾക്കും മുൻകാലങ്ങളിൽ നടന്ന സർവേകൾക്കും മറ്റുമായി ആദ്യഗഡു പണം ഹാർബർ എൻജിനിയറിംഗ് വകുപ്പിന് കൈമാറാമെന്ന ഉപാധിയിൽ സമരം പിൻവലിക്കുകയായിരുന്നു. ഇത് നടപ്പായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങേണ്ടിവരുമെന്ന് മത്സ്യത്തൊഴിലാളി സമിതി വ്യക്തമാക്കി.