കൊച്ചി : പാലാരിവട്ടം മേല്പാലം പൊളിക്കൽ നവംബർ ആദ്യം ആരംഭിക്കും. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഇതിനായി വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി.ആർ) ഒക്ടോബർ പകുതിയോടെ സർക്കാരിന് സമർപ്പിക്കും.
ഗതാഗതം സങ്കീർണമാകും
ഫ്ലെെഓവർ പൊളിച്ചു പണിയുമ്പോൾ വാഹന ഗതാഗതം സങ്കീർണമാകും. പാലം പൊളിക്കുമ്പോൾ ഇരുവശത്തും റോഡിന്റെ കുറേ ഭാഗങ്ങൾ യന്ത്രങ്ങൾക്കും ലോറികൾക്കും വേണം. വാഹനങ്ങൾ കടന്നുപോകാൻ ഒന്നര ട്രാക്ക് വീതിയെ റോഡിൽ ലഭിക്കൂ.
അനുബന്ധ റോഡുകൾ നന്നാക്കി ഗതാഗതം തിരിച്ചുവിടേണ്ടിവരും. കോർപ്പറേഷന്റെ തമ്മനം - പുല്ലേപ്പടി റോഡാണ് പ്രധാനപ്പെട്ടത്. വെെറ്റില ഭാഗത്തുനിന്ന് പാലാരിവട്ടം ഭാഗത്തേക്ക് ഫ്രീ ലെഫ്റ്റ് അനുവദിക്കണം. ഇതിന് സിഗ്നൽ ജംഗ്ഷനിൽ സ്ഥലം ഏറ്റെടുക്കണം.
നവംബർ പകുതിയോടെ പൊളിക്കൽ തുടങ്ങും.
442 മീറ്റർ നീളം വരുന്ന പാലത്തിലെ 122 ഗർഡറുകൾ പൊളിച്ചുനീക്കണം. ഓരോന്നിനും 22 മീറ്ററിലേറെ നീളം വരും. ഉപരിതലത്തിലെ ടാറിംഗും ഡെക്കും പൂർണമായി ഇളക്കി മാറ്റണം. ഗർഡറുകൾ നീക്കുമ്പോൾ തൂണുകൾക്കും പിയർ ക്യാപുകൾക്കും ഇളക്കം തട്ടരുത്.
# വെല്ലുവിളികൾ
കൂറ്റൻ യന്ത്രങ്ങളുടെ സഹായത്തോടെ ഗർഡറുകൾ മുറിക്കണം. ഇവ കടൽഭിത്തിക്ക് ഉപയോഗിക്കാമെന്നാണ് മെട്രോമാന്റെ നിർദ്ദേശം. ചെല്ലാനത്ത് ഇത് ഉപകരിച്ചേക്കാം.
ടാറിംഗ്, ഡെക്ക്, കോൺക്രീറ്റ് അവശിഷ്ടങ്ങൾ എന്നിവ പുതിയ റോഡുകളുടെ അടിത്തറ ശക്തിപ്പെടുത്താൻ ഉപയോഗിക്കും.
# ഇനി പി.എസ്..സി ഗർഡറുകൾ
മെട്രോയിലേതുപോലെ പി.എസ്.സി. ഗർഡറുകൾ (പ്രീ സ്ട്രസ്ഡ് കോൺക്രീറ്റ് ഗർഡർ) ഉപയോഗിക്കും. ചെലവു കൂടുമെങ്കിലും ഇതിന് ഉറപ്പ് കൂടും. 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. .
# നിർമ്മാണ സമയവും ചെലവും
പാലം പൊളിക്കുന്നതിനും ഗർഡറുകൾ നീക്കുന്നതിനും 3 മാസം. ചെലവ് 2 കോടി രൂപ
പിയറും പിയർ ക്യാപ്പും ബലപ്പെടുത്താൻ 3 മാസം. ചെലവ് 1.71 കോടി രൂപ
ഗർഡറുകളുടെ സ്ഥാപിക്കലും ഡെക്കിന്റെ വാർക്കലും 4 മാസം. ചെലവ് 15 കോടി രൂപ