* വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെ വ്യാപാരികൾ

* ലീഗൽ മെട്രോളജി അധികൃതരുടേത് അനങ്ങാപ്പാറ നയം

തൃക്കാക്കര: ഓണക്കാലം കഴിഞ്ഞിട്ടും ജില്ലയിലുടനീളം പഴം,പച്ചക്കറി വിപണിയിൽ തീവില തുടരുന്നു. വ്യാപാരികളുടെ പകൽക്കൊള്ളക്ക് കടിഞ്ഞാണിടാൻ അധികൃതർക്കാവുന്നില്ലെന്ന ആക്ഷേപങ്ങൾക്ക് അടിവരയിടും വിധം പച്ചക്കറികൾക്കെല്ലാം അമിത വില ഈടാക്കുകയാണ് വ്യാപാരികൾ. തക്കാളി, വെണ്ടക്ക, സവാള, ഉരുളൻ കിഴങ്ങ്, ഉള്ളി, ബീൻസ്, പയർ, കാബേജ്, മുരിങ്ങക്ക തുടങ്ങി കറിവേപ്പിലക്കും, മല്ലിയിലക്കും വരെ തോന്നുംവിധം വില ഈടാക്കുകയാണ്.
ഭക്ഷ്യ, പൊതുവിതരണ വകുപ്പ് അധികൃതരോ, ലീഗൽ മെട്രോളജി വിഭാഗമോ, ഭക്ഷ്യ സുരക്ഷാ അധികൃതരോ വിപണിയിലെ പകൽക്കൊള്ളക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. പച്ചക്കറികൾക്കൊപ്പം സൗജന്യമായി നൽകിയിരുന്ന കറിവേപ്പിലക്കും, മല്ലിയിലക്കും ഇപ്പോൾ വിലനൽകണം. അമിത വില ഈടാക്കുമ്പോഴും തൂക്കത്തിനനുസരിച്ചുള്ള ഉല്പന്നങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ആശുപത്രി പരിസരങ്ങളിലെ പഴ വർഗ വ്യാപാരികൾ ജനത്തെ കൊള്ളയടിക്കുകയാണ്.മെഡിക്കൽ ട്രസ്റ്റ്, മെഡിക്കൽ സെന്റർ, ലിസി, ലൂർദ്ദ് ആശുപത്രി തുടങ്ങി സർക്കാർ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങൾക്ക് സമീപമുള്ള വ്യാപാരികളും പഴവർഗങ്ങൾക്ക് രണ്ടിരട്ടിയിലേറെ വില ഈടാക്കുന്നുണ്ട്. പഴം പച്ചക്കറി വ്യാപാരികൾ വിലവിവരപട്ടിക പ്രദർശിപ്പിക്കണമെന്ന നിബന്ധനകൾ പാലിക്കുന്നില്ല. കാക്കനാട്, എൻ.ജി.ഒ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലും അമിത വില ഈടാക്കുന്നവർ കുറവല്ല.

#അളവ് തൂക്കങ്ങളിൽ വ്യാപക ക്രമക്കേട്

ലീഗൽ മെട്രോളജി വകുപ്പ് അധികൃതർ അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത പരിശോധിക്കുന്നില്ല. ഇലക്ട്രോണിക് ത്രാസുകളിലാണ് തട്ടിപ്പ് ഏറെയും.

#ഓണക്കാലത്ത് ഒരു കിലോ പച്ചനേന്ത്രക്കായക്ക് 80 രൂപയായിരുന്നു വില.ഇപ്പോഴും ഇതേ വിലക്ക്‌ തന്നെയാണ് വ്യാപാരികൾ നേന്ത്രക്കായ വിൽക്കുന്നത്.മഴയും, കാറ്റും കാരണം വാഴക്കൃഷി നശിച്ചെന്ന കാരണം പറഞ്ഞാണ് വേണ്ടത്ര മൂപ്പെത്താത്ത പച്ച ഏത്തക്കായക്ക് പോലും അമിത വില ഈടാക്കുന്നത്.

#ചെറിയ ഉള്ളിക്ക് കിലോഗ്രാമിന് 70 രൂപ വരെ

വെളുത്തുള്ളി വില 100 ഗ്രാമിന് 15 രൂപ

സവാള 5 കിലോഗ്രാമിന് 100 രൂപയായിരുന്നു രണ്ടു മാസം മുൻപ് വരെ

100 ഗ്രാം പച്ചമുളകിന് കരിമുകൾ മാർക്കറ്റിൽ 20 രൂപ