hg1

കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കുന്നത് ഒക്ടോബർ 10 വരെ ഹൈക്കോടതി തടഞ്ഞു. പെരുമ്പാവൂർ സ്വദേശി പി. വർഗീസ് ചെറിയാൻ, വെങ്ങോല സ്വദേശി ജാഫർ ഖാൻ എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജികളിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ലോഡ് ടെസ്റ്റ് ഉൾപ്പെടെ ബലപരിശോധന നടത്തി മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് സർക്കാരാണെന്നും സർക്കാരിന്റെ തീരുമാനം നിയമപരമായി പരിശോധിക്കാനേ കോടതിക്കു കഴിയൂവെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ഹർജികളിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചു.

മൂന്നു വർഷത്തെ പെർഫോമൻസ് ഗാരന്റി നിലവിലുള്ളതിനാൽ മേൽപ്പാലം സർക്കാർ ചെലവിൽ പുതുക്കി പണിയേണ്ടതില്ലെന്നും ഹർജിക്കാർ വാദിച്ചു. വിദഗ്ദ്ധോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതുക്കി പണിയുന്നതെന്നും ഇപ്പോൾ അപകടാവസ്ഥയിലാണെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി. പൊളിക്കാൻ സർക്കാർ തീരുമാനമെടുത്തെന്നും വിശദീകരിച്ചു.

പലതരത്തിൽ വിദഗ്ദ്ധ റിപ്പോർട്ടില്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു. ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇതു ലഭ്യമാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. അപകടാവസ്ഥയിലുള്ള മേൽപ്പാലം ലോഡ് ടെസ്റ്റ് നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന്റെ ഉത്തരവാദിത്വം ഹർജിക്കാർ വഹിക്കുമോയെന്നു സ്റ്റേറ്റ് അറ്റോർണി ചോദിച്ചു. തുടർന്നാണ് സർക്കാരിന്റെ നിലപാടു വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ചത്. ഒക്ടോബർ 10 വരെ പൊളിക്കാൻ തുടങ്ങരുത്. എന്നാൽ ഇതിനുള്ള അന്തിമ നടപടികൾ സ്വീകരിക്കാമെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ വ്യക്തമാക്കി.