കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കേണ്ട ഗതികേടിലാണെന്നും ബന്ധപ്പെട്ട അഴിമതിക്കേസിലെ അന്വേഷണം തടസപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി. പ്രതികളായ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജുൾപ്പെടെ നാലു പേർ നൽകിയ ജാമ്യാപേക്ഷയിലാണ് സിംഗിൾബെഞ്ചിന്റെ വിശദീകരണം.
കേസ് ഡയറി ഹാജരാക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി ഹർജികൾ വെള്ളിയാഴ്‌ച പരിഗണിക്കാൻ മാറ്റി. വ്യക്തമായ തെളിവുകളുണ്ടെങ്കിൽ കേസ് ഡയറി മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അന്വേഷണം പുരോഗമിക്കുകയാണെന്നും 17 പേർ പ്രതികളാണെന്ന് സംശയമുണ്ടെന്നും വിജിലൻസ് അറിയിച്ചു. എന്നാൽ കരാർ കമ്പനിക്ക് മുൻകൂർ തുക നൽകാനുള്ള സർക്കാരിന്റെ തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്‌തതെന്ന് സൂരജിന്റെ അഭിഭാഷകൻ വാദിച്ചു. അഴിമതിക്കേസിനെ തുടർന്ന് 600 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മറ്റു പല കരാറുകളും നഷ്ടമായെന്നും ആർ.ഡി.എസ് എം.ഡി സുമിത് ഗോയലിന്റെ അഭിഭാഷകൻ വിശദീകരിച്ചു. ചിലരുടെ പേരുകൾ പറയാൻ വിജിലൻസിന്റെ സമ്മർദ്ദമുണ്ടെന്നും പറഞ്ഞു. നിർമ്മാണത്തിൽ അഴിമതിയില്ലെന്നാണ് മറ്റു പ്രതികൾ വാദിച്ചത്.
ഫ്ളൈ ഓവർ അപകടത്തിലായതെങ്ങനെയെന്ന് സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. നാല് പ്രതികൾക്കുമെതിരായ ആരോപണങ്ങൾ വ്യക്തമാക്കി ജാമ്യാപേക്ഷ നിരസിച്ച് വിജിലൻസ് സ്റ്റേറ്റ്മെന്റ് നൽകിയിട്ടുണ്ട്.
ഒന്നാം പ്രതി ആർ.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയൽ, രണ്ടാം പ്രതി റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ അഡിഷണൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, മൂന്നാം പ്രതി കിറ്റ്കോ മുൻ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, നാലാം പ്രതി ടി.ഒ. സൂരജ് എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്.